നെയ്യാറ്റിൻകര - കളിയിക്കാവിള പാതവികസനം ഇഴയുന്നു
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര - കളിയിക്കാവിള സംസ്ഥാനപാത - 66 വികസനം ഇഴയുന്നതായി ആക്ഷേപം.കരമന മുതൽ കൊടിനട വരെ നാലുവരിപ്പാതയുടെ വികസനം നടന്നുവെങ്കിലും,വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള നാലാംഘട്ടത്തിന് ഭൂമി അളന്ന് തിട്ടപ്പെടുത്താൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. 30.2മീറ്റർ വീതിയിലാണ് റോഡ് വികസിപ്പിക്കുന്നത്.
2024ലെ നിയമസഭാ സമ്മേളനത്തിൽ നെയ്യാറ്റിൻകര - കളിയിക്കാവിള പാതാ വികസനത്തിന് 200കോടി രൂപ മാറ്റി വച്ചിട്ടുള്ളതായി പൊതുമരാമത്ത് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.എന്നാൽ തുടർ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.ഭൂമിയേറ്റെടുക്കാനുള്ള ടെൻഡൻ നടപടികൾ മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ക്ഷണിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥപക്ഷം.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അതും നീണ്ടുപോകും എന്നതാണ് യാഥാർത്ഥ്യം.
വികസന ഘട്ടങ്ങൾ ഇങ്ങനെ
ഒന്നാംഘട്ടം - കരമന മുതൽ പ്രാവച്ചമ്പലം വരെ
രണ്ടാംഘട്ടം - പ്രാവച്ചമ്പലം മുതൽ കൊടിനട വരെ മൂന്നാംഘട്ടം - കൊടിനട മുതൽ വഴിമുക്ക് വരെ
നാലാംഘട്ടം - വഴിമുക്ക് മുതൽ കളിയിക്കാവിള വരെ
(ഇതിൽ കൊടിനടവരെ നാലുവരിപ്പാത പണി പൂർത്തിയായി)
തുക പെട്ടെന്ന്
അനുവദിക്കണമെന്ന്
കൊടിനട മുതൽ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റർ റോഡിന്റെ ഇരുവശത്തുമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കൽ ഏതാണ്ട് പൂർത്തിയായി.ഈ പ്രദേശത്തെ 52 ഭൂവുടമകൾക്കായി എ.ബി.സി വകഭേദങ്ങളിലായി ഏതാണ്ട് 99 കോടി രൂപ കേരള റോഡ് ഫണ്ട് ബോർഡ് നീക്കിവച്ചിട്ടുണ്ടെങ്കിലും പലർക്കും തുക ലഭ്യമായിട്ടില്ല.ഈ പ്രദേശത്തുള്ള ദുർഘടമായ വളവുകളും ഭൂമിയുടെ നിരപ്പില്ലായ്മയും റോഡ് അലൈൻമെന്റിന്റെ സുഗമമായ വഴിയൊരുക്കലിന് തടസമാകുന്നതായി ഉദ്യോഗസ്ഥർ പറയുന്നു.അതേസമയം ബാലരാമപുരം ജംഗ്ഷൻ വികസിപ്പിക്കുമ്പോൾ അണ്ടർപാസ് നിർദ്ദേശത്തിനെതിരെ പരാതി ഉയർന്നതോടെ ആദ്യ അലൈൻമെന്റ് മാറ്റി പകരം പുതിയത് നടപ്പാക്കാൻ ഉദ്ദേശിക്കുകയാണ്.
പാത വികസനം യാഥാർത്ഥ്യമാകാത്തതിനാൽ,ദിവസേനയുണ്ടാകുന്ന റോഡപകടങ്ങളിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്.നിരവധിതവണ വികസനത്തിനായി സമരം ചെയ്തിട്ടും പ്രയോജനമില്ല.
എസ്.കെ.ജയകുമാർ,കരമന - കളിയിക്കാവിള
ആക്ഷൻ കൗൺസിൽ ജനറൽ സെക്രട്ടറി
റോഡ് വികസനം യാഥാർത്ഥ്യമാക്കാൻ നടപടികൾ സ്വീകരിച്ചു.
കെ.ആൻസലൻ എം.എൽ.എ
ക്യാപ്ഷൻ: നെയ്യാറ്റിൻകര പഴയ ബസ് സ്റ്റാൻഡ് ജംഗ്ഷൻ