​ചെമ്പഴന്തി എസ്.എൻ കോളേജിൽ 'സ്‌പെക്ട്രം' സെമിനാർ സമാപനവും മെരിറ്റ് ഡേയും

Tuesday 24 February 2026 12:19 AM IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളും ആർ.ശങ്കറിന്റെ വിദ്യാഭ്യാസ വിപ്ലവവും ഇന്നും സമൂഹത്തിന് വഴികാട്ടിയാണെന്ന് സാഹിത്യകാരൻ ഡോ.ജോർജ് ഓണക്കൂർ. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നടന്ന ആർ.ശങ്കർ മെമ്മോറിയൽ 'സ്പെക്ട്രം' അന്താരാഷ്ട്ര സെമിനാർ പരമ്പരയുടെ സമാപനവും മെരിറ്റ് ഡേയും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ കോളേജ് ചരിത്ര വകുപ്പിന്റെ പീർ റിവ്യൂഡ് ജേർണൽ "ഹിസ്റ്റോറിയ"യുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും കോളേജ് മാനേജ്മെന്റ് നോമിനിയുമായ ഡി.പ്രേംരാജ് മുഖ്യപ്രഭാഷണം നടത്തി. കേരള സർവകലാശാലാ പരീക്ഷകളിൽ വിവിധ വിഷയങ്ങളിൽ റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പി.എച്ച്.ഡി നേടിയ അദ്ധ്യാപകരെയും ഗവേഷകരെയും ചടങ്ങിൽ ആദരിച്ചു.

​കോളേജ് പ്രിൻസിപ്പൽ ഡോ.ലെജി ജെ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌പെക്ട്രം കൺവീനർ രശ്മി ജയ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ ചെമ്പഴന്തി ശശി, മുൻ പ്രിൻസിപ്പൽ ഡോ.രാഖി.എ.എസ്,ഐ.ക്യു.എ.സി കോ-ഓർഡിനേറ്റർ ഡോ.രാജി രവീന്ദ്രൻ,കോളേജ് യൂണിയൻ ചെയർമാൻ യദു കൃഷ്ണൻ,പി.ടി.എ സെക്രട്ടറി ഡോ.ശ്രീചിത്ര,ട്രഷറർ ഡോ.ശ്രീല.എസ്.ആർ എന്നിവർ സംസാരിച്ചു. അക്കാഡമിക് മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ഡോ.വൈശാഖ്. എ.എസ് നന്ദി പറഞ്ഞു.