വേടൻ - നവമി ലത വിവാഹം ഇന്ന് തൃശൂരിൽ : ഭരണഘടനയുടെ തണലിൽ "ഇനി വേടന്റെ പ്രണയവിപ്ളവം"

Tuesday 24 February 2026 12:20 AM IST
വേടനും നവമിയും

തൃശൂർ: 'ഇന്ത്യൻ ഭരണഘടന സാക്ഷിയാക്കി ഞങ്ങൾ വിവാഹിതരാകുന്നു. എന്നുമെന്നപോലെ, എല്ലാറ്റിനുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങൾ കൂടെയുണ്ടാകണം, എന്ന് അൻപോടെ നവമിയും വേടനും...' സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ അറിയിച്ച പോലെ ഇന്നാണ് ആ വിവാഹം..! ദീർഘനാളത്തെ പ്രണയത്തിന് ശേഷം റാപ്പർ വേടനും നവമി ലതയും വിവാഹിതരാകുന്നു. രജിസ്ട്രാർ ഓഫീസിൽ പകൽ സമയത്ത് വിവാഹം. തുടർന്ന് അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി നഗരത്തിനടുത്തുള്ള റിസോർട്ടിൽ സത്കാരം. വിവാഹിതരാകുന്ന പ്രണയജോഡികൾക്ക് ഞായറാഴ്ച വൈകിട്ട് ആലുവയിൽ പെരിയാറിന്റെ തീരത്ത് സുഹൃത്തുക്കൾ ചേർന്നൊരു ബാച്ച്‌ലർ പാർട്ടി ഒരുക്കി. മാദ്ധ്യമ പ്രവർത്തകരെയോ പൊതുജനങ്ങളെയോ അറിയിക്കാതെ അതീവ രഹസ്യമായാണ് മലപ്പുറം മഞ്ചേരി ശാന്തിവിലാസം വീട്ടിൽ മുരളീധരന്റെയും ലതയുടെയും മകൾ നവമിയും തൃശൂർ മുളങ്കുന്നത്തുകാവ് വടക്കെപ്പറമ്പിൽ വീട്ടിൽ മുരളിയുടെ മകൻ ഹിരൺദാസും ഒന്നിക്കുന്നത്. ഇന്ന് നടക്കുന്ന വിവാഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ഹൈബി ഈഡൻ എം.എൽ.എ, ഫുട്ബാളർ ഐ.എം.വിജയൻ തുടങ്ങിയവർ പങ്കെടുക്കും.

വേടന്റെ മോനലോവ

പ്രണയതീവ്രത വ്യക്തമാക്കി വേടൻ രചിച്ച മോനലോവ എന്ന പാട്ട് പുറത്തുവന്നപ്പോഴാണ് നവമിയെക്കുറിച്ചും പുറം ലോകമറിഞ്ഞത്. മോനലോവ എന്ന അഗ്നിപർവതത്തിന്റെ പേരിലെഴുതിയ ഗാനത്തിൽ കുപ്പത്തൊട്ടിയിൽ മാണിക്യത്തെ കണ്ടുപിടിച്ചവളായാണ് നവമിയെ വിശേഷിപ്പിച്ചത്. എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ഇവർ 'പൂമ്പാറ്റവേട്ട' എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മറ്റൊരു പുസ്തകത്തിന്റെ പണിപ്പുരയിലാണ്.

അണിയിച്ചൊരുക്കുന്നത് രഞ്ജു രഞ്ജിമാർ

അങ്കമാലിയിലെ രഞ്ജു രഞ്ജിമാറിന്റെ ഡോറ ബ്യൂട്ടി വേൾഡാണ് വധുവിനെ അണിയിച്ചൊരുക്കുക. പീക്കോക്ക് ബ്ലൂ സാരിയും ജയ്പുർ മാതൃകയിലുള്ള ആഭരണങ്ങളും അണിയുന്ന വധുവിന്റെ കണ്ണുകളും അധരങ്ങളും എടുത്തുകാണിക്കുന്ന മാറ്റിഗ്‌ളോ മേക്കപ്പാകും നൽകുക. നിറം അടയാളമാക്കിയ വേടന്റെ മേക്കപ്പിനും പ്രത്യേകതയുണ്ടാകുമെന്ന് രഞ്ജു രഞ്ജിമാർ കേരളകൗമുദിയോട് പറഞ്ഞു. ആലുവയിൽ നടന്ന ബാച്ച്‌ലർ പാർട്ടിയിൽ അരുൺ ഉത്രാടമായിരുന്നു നവമിയെ അണിയിച്ചൊരുക്കിയത്. മറ്റൊരു പരിപാടിയുണ്ടായിരുന്നതിനാൽ ബാച്ച്‌ലർ പാർട്ടിയുടെ ഒടുവിലാണ് വേടനെത്തിയത്.