സ്ഥാനാർത്ഥി ചർച്ച സജീവം ത്രില്ലർ പോരാട്ടത്തിന് തൃശൂർ

Tuesday 24 February 2026 12:36 AM IST

തൃശൂർ: മണ്ഡലത്തിലെ ബി.ജെ.പി സീറ്റിൽ മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് പത്മജ വേണുഗോപാൽ. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ നിറുത്തി മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ്. നിലവിലെ എം.എൽ.എ പി.ബാലചന്ദ്രനെ തന്നെ വീണ്ടും കളത്തിലിറക്കി മണ്ഡലം കാത്തുസൂക്ഷിക്കാൻ സി.പി.ഐയും. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ് തൃശൂർ. ഔദ്യോഗിക പ്രഖ്യാപനത്തിലേക്ക് കടന്നിട്ടില്ലെങ്കിലും, അണിയറയിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച അഭ്യൂഹം ശക്തമാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും വിവിധ പേരുകൾ ഉയരുന്നുണ്ട്. കഴിഞ്ഞ തവണ സി.പി.ഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ നേരിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്നത്തെ മുഖ്യ എതിരാളി പത്മജ വേണുഗോപാൽ ഇത്തവണ ബി.ജെ.പി പാളയത്തിലാണ്. ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച സുരേഷ് ഗോപി പിന്നീട് ലോക്‌സഭാ തിരഞ്ഞടുപ്പിൽ വിജയിച്ച് കേന്ദ്രമന്ത്രിയായി. ഇതിനിടെ, മുൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ശ്രീശൻ അടിയാട്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹം എൻ.ഡി.എയിൽ ആശങ്ക പടർത്തുന്നുണ്ട്.

പത്മജയോ ജേക്കബ് തോമസോ...?

പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തമാക്കിയ പത്മജ വേണുഗോപാലിന് തൃശൂരിനോടാണ് താത്പര്യമെന്ന് ഇന്നലെ അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി മണ്ഡലത്തിൽ സജീവമായ മുൻ ഡി.ജി.പി ജേക്കബ് തോമസിനെ ചുറ്റിപ്പറ്റിയും അഭ്യൂഹമുണ്ട്. ഏതാനും ദിവസം മുൻപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ജേക്കബ് തോമസ് പങ്കെടുത്തിരുന്നു. തൃശൂരിലെ സംഘപരിവാറിന്റെ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.

പേരുകൾ മാറി മറിഞ്ഞ് കോൺഗ്രസ്

അഭിമാന പോരാട്ടമായി മാറിയ തൃശൂരിൽ, സീറ്റ് ഇത്തവണ എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനാണ് കോൺഗ്രസിന്റെ നീക്കം. വിജയസാദ്ധ്യതയ്ക്ക് മുൻഗണന നൽകിയാണ് സ്ഥാനാർത്ഥി പട്ടിക പരിഗണിക്കുന്നത്. നിലവിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ടി.വി.ചന്ദ്രമോഹൻ, ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ മേയർ രാജൻ പല്ലൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവരുടെ പേരുകൾക്കാണ് മുൻതൂക്കം.

എൽ.ഡി.എഫിൽ ബാലചന്ദ്രൻ ?

സി.പി.ഐ സ്ഥാനാർത്ഥിയായി പി.ബാലചന്ദ്രൻ തന്നെ വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. ആദ്യ ടേം പൂർത്തിയാക്കിയ ബാലചന്ദ്രൻ ഒരു അവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം. ഒരു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകുകയാണ് പതിവ്. ബാലചന്ദ്രനെ മാറ്റിയാൽ സമാന സാഹചര്യത്തിലുള്ള സി.സി.മുകുന്ദനെയും മാറ്റണം. അതേസമയം, തൃശൂർ സീറ്റ് സി.പി.ഐയിൽ നിന്ന് സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. സീറ്റ് സി.പി.എമ്മിന് ലഭിക്കുകയാണെങ്കിൽ പ്രൊഫ.സി.രവീന്ദ്രനാഥിനെ രംഗത്തിറക്കി മണ്ഡലം നിലനിറുത്തണമെന്ന നിർദ്ദേശമാണ് ഉയരുന്നത്.