മോദിയുടെ വസതിക്കു സമീപത്തെ കോളനികൾ ഒഴിപ്പിക്കുന്നു 717 കുടുംബങ്ങൾക്ക് നോട്ടീസ്

Tuesday 24 February 2026 1:24 AM IST

ന്യൂഡൽഹി: സുരക്ഷയുമായി ബന്ധപ്പെട്ട നഗരകാര്യ മന്ത്രാലയത്തിന്റെ നടപടിയിൽ ആശങ്കാകുലരായി പ്രധാനമന്ത്രിയുടെ വസതിയായ 7, ലോക് കല്യാൺ മാർഗിന് സമീപത്തെ മൂന്ന് ചേരികളിൽ താമസിക്കുന്ന 717 കുടുംബങ്ങൾ. ഭായ് റാം ക്യാമ്പ്,മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി ക്യാമ്പ് എന്നിവിടങ്ങളിലെ താമസക്കാരോട് മാർച്ച് 6നകം ഒഴിയാൻ നോട്ടീസ് നൽകി.

ഇവിടെ രേഖാമൂലം താമസിക്കുന്ന കുടുംബങ്ങൾക്ക് മദ്ധ്യ ഡൽഹിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സാവ്ദ ഗെവ്രയിലെ ഡി.യു.എസ്.ഐബി കോളനിയിൽ ഫ്ലാറ്റുകൾ അനുവദിച്ചു. എന്നാൽ,വർഷങ്ങളായി താമസിക്കുന്ന സ്ഥലം ഒഴിയാൻ പ്രായമായവർ അടക്കം തയ്യാറല്ല. സി.ബി.എസ്.ഇ ബോർഡ് പരീക്ഷ എഴുതുന്ന കുട്ടികൾ മിക്ക വീട്ടിലുമുണ്ട്. ദൂരേക്ക് പറിച്ചു നട്ടാൽ എങ്ങനെ ജീവിക്കുമെന്ന ആശങ്ക ദിവസക്കൂലി ചെയ്‌ത് ജീവിക്കുന്നവരെ അലട്ടുന്നു. പുതിയ ഫ്ളാറ്റിന് 10 ലക്ഷം രൂപ നൽകണം. ഗഡുക്കളായി നൽകിയാൽ മതിയെങ്കിലും ദരിദ്രരായ തങ്ങൾക്ക് അതു ബുദ്ധിമുട്ടാണെന്ന് കോളനി നിവാസികൾ പറയുന്നു. ഒഴിപ്പിക്കലിനെതിരെ താമസക്കാർ നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.