മിന്നൽ റെയ്ഡ് പിടികൂടിയത് 2,720 ചരസ് മിഠായികൾ

Tuesday 24 February 2026 1:55 AM IST

കൊച്ചി: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ട് കടത്തിയ 68പാക്കറ്റ് ചരസ് മിഠായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എക്സൈസും ആർ.പി.എഫും ചേർന്ന് പിടികൂടി. ഞായറാഴ്ച രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ ഇടനിലക്കാരനായ ജാർഖണ്ഡ് ലോയാബാദ് സ്വദേശി ദിലീപ്കുമാർ അറസ്റ്റിലായി. ആറാംനമ്പർ പ്ലാറ്റ്ഫോമിൽ സംശയാസ്പദമായി കണ്ട ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

സാധാരണ മിഠായിയാണെന്ന ദിലീപിന്റെ മൊഴിയിൽ സംശയം തോന്നിയ എക്സൈസ് ഇൻസ്പെക്ടർ സേതുലക്ഷ്മി ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ 13.6 ഗ്രാം ചരസ് സ്ഥിരീകരിച്ചു. ബംഗ്ലാദേശിലും മറ്റും നിർമ്മിക്കുന്ന ഇവ ഉത്തർപ്രദേശടക്കമുള്ള സ്ഥലങ്ങളിലേക്ക് വ്യാപകമായി കടത്തുന്നുണ്ട്. കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ആവശ്യക്കാർ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇവിടേക്ക് കടത്ത് തുടങ്ങിയതെന്ന് റിപ്പോർട്ട് അനുസരിച്ച് വ്യക്തമാകുന്നു.

ട്രെയിനുകളിൽ ബാഗിലൊളിപ്പിച്ചു കടത്തുന്ന മിഠായികളുടെ ബോഗിനമ്പറും സമയവും കേരളത്തിലെ ഏജന്റിന് കൈമാറുന്നതാണ് രീതി. സ്റ്റേഷനിലെത്തുന്ന ഏജന്റ് ബാഗുമായി മുങ്ങുകയും റോഡരികിലെ അനധികൃത പാൻമസാല കടകൾവഴി വിൽക്കുകയും ചെയ്യും. കുറഞ്ഞവിലയ്ക്ക് വാങ്ങി വലിയതുകയ്ക്കാണ് വില്പന നടത്തുന്നത്. അന്യസംസ്ഥാന തൊഴിലാളികൾക്ക് പുറമെ ഇപ്പോൾ മലയാളികളും ഇതിന് അടിമപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.

അസി. എക്സൈസ് ഇൻസ്പെക്ടർ എം.എച്ച്. ഷിഹാബുദ്ദീൻ, എക്സൈസ് സി.ഇ.ഒ എം.വി. സെയ്ദ്, കെ.എം. ഷിഹാബുദ്ദീൻ, ആർ.പി.എഫ് എസ്.ഐ അനുശ്രീ, എ.എസ്.ഐ രാജീവ്, ആർ.പി.എഫ് ഉദ്യോഗസ്ഥരായ ഉമ്മൻ മാത്യു, അൻസാർ, ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.