റാഞ്ചി വിമാനാപകടം; എയർ ആംബുലൻസിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു
ന്യൂഡൽഹി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ആംബുലൻസ് വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി സ്ഥിരീകരണം. തിങ്കളാഴ്ച വൈകുന്നേരം ജാർഖണ്ഡിലെ ഛത്ര ജില്ലയിലാണ് വിമാനം തകർന്നുവീണത്. ഛത്ര ഡെപ്യൂട്ടി കമ്മിഷണർ കീർത്തിശ്രീ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്ത്, സഹ-പൈലറ്റ് ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക്കൽ സഹായി സച്ചിൻ കുമാർ മിശ്ര, അറ്റൻഡന്റുമാരായ അർച്ചന ദേവി, ധുരു കുമാർ, രോഗി സഞ്ജയ് കുമാർ എന്നിവരാണ് മരിച്ചത്. മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ വൈകിട്ട് 7.11ന് റാഞ്ചിയിൽ നിന്ന് പറന്നുയർന്ന എയർ ആംബുലൻസാണ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ കസാരിയയിൽ തകർന്നുവീണത്. 63ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാറിനെ ഡൽഹിയിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിലാണ് വിമാനത്തിൽ നിന്നുള്ള സിഗ്നൽ ഒടുവിൽ ലഭിച്ചത്. 7.34ഓടെ വാരണാസിയിൽ നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ശേഷം ബരിയാട്ട് പഞ്ചായത്ത് മേഖലയിലെ കൊടുംവനമായ സിമാരിയയിൽ തകർന്നുവീഴുകയായിരുന്നു.
ഡൽഹി ആസ്ഥാനമായ റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബി.ഇ 9 എൽ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടവാർത്ത അറിഞ്ഞയുടൻ സുരക്ഷാഏജൻസികളും തദ്ദേശ ഭരണകൂടവും രക്ഷാപ്രവർത്തനം തുടങ്ങിയെന്ന് ജാർഖണ്ഡ് മന്ത്രി ഡോ. ഇർഫാൻ അൻസാരി പറഞ്ഞു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ.എ.ഐ.ബി) അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിമാനാപകടമുണ്ടായ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റും കനത്ത മഴയും ഇടിമിന്നലുമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.