ഡോക്ടറാകാൻ നിർബന്ധിച്ച അച്ഛനെ മകൻ വെടിവച്ചുകൊന്നു, അരിശം തീരാതെ മൃതദേഹം കഷ്ണങ്ങളാക്കി, സഹോദരി സാക്ഷി

Tuesday 24 February 2026 9:37 AM IST

ലക്നൗ: മത്സരപരീക്ഷ എഴുതി ഡോക്ടറാവാൻ നിർബന്ധിച്ച അച്ഛനെ മകൻ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ അഷിയാനയിലായിരുന്നു സംഭവം. കച്ചടവക്കാരനായ മൻവേന്ദ്ര സിംഗിനെയാണ് (50) ഇരുപത്തൊന്നുകാരനായ മകൻ അക്ഷത് പ്രതാപ് സിംഗ് കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി വീട്ടിലെ ഒരു ബാരലിൽ ഉപേക്ഷിക്കുകയും ചെയ്തു. സഹോദരി കൊലപാതകം കണ്ടെങ്കിലും അക്ഷത് ഭീഷണിപ്പെടുത്തിയതിനാൽ പുറത്താരോടും പറഞ്ഞില്ല.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചമുതൽ മൻവേന്ദ്ര സിംഗിനെ കാണാനില്ലായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു. കുറച്ചുഭാഗങ്ങൾ ഉപേക്ഷിച്ചെന്നും റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് അക്ഷതിനെ ചോദ്യംചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഡോക്ടറാവാൻ പിതാവ് നിർബന്ധിച്ചതുകൊണ്ടാണ് കൊലനടത്താൻ തീരുമാനിച്ചതെന്നും അക്ഷത് പൊലീസിനോട് പറഞ്ഞു. ഇക്കാര്യത്തെച്ചൊല്ലി അച്ഛനും മകനും വഴക്ക് പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും തർക്കമുണ്ടായി. ഇതിനൊടുവിലാണ് കൊലനടന്നത്. മൃതദേഹം കഷണങ്ങളാക്കി മുറിക്കുമ്പോഴാണ് സഹോദരി കണ്ടത്. ഭീഷണിപ്പെടുത്തിയതിനാലാണ് കൊലപാതകത്തെക്കുറിച്ച് മറ്റാരോടും പറയാതിരുന്നതെന്ന് സഹോദരി പൊലീസിനോട് സമ്മതിച്ചു. ഫോറൻസിക് സംഘം വീട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ചു.

അക്ഷതിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാളെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടുകൂടി ലഭിച്ചാൽ മാത്രമേ ഇയാൾക്കെതിരെ ഏതെല്ലാം വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിക്കാനാവൂ എന്നാണ് പൊലീസ് പറയുന്നത്. വെടിവയ്ക്കാനുപയോഗിച്ച് തോക്ക് ആരുടേതാണെന്ന് വ്യക്തമല്ല.