ചടങ്ങുകൾ നാളെമുതൽ; ഇന്ന് ആഡംബര അത്താഴവിരുന്ന്, സ്‌പെഷ്യൽ മെനു പുറത്തുവിട്ട് വിജയ്‌യും രശ്‌മികയും
മലയാളികൾ ഉൾപ്പെടെ തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും. ഉദയ്‌പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. ഫെബ്രുവരി 26നാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നത്. എന്നാൽ നാളെമുതൽ വിവാഹത്തിനുമുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
അതിഥികളെ സ്വീകരിക്കാനായി വലിയ തരത്തിലുള്ള ഒരുക്കങ്ങളാണ് താരങ്ങൾ ചെയ്തിരിക്കുന്നതെന്നും വിവരമുണ്ട്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലാണ് വിജയ്‌യും രശ്മികയും വിവാഹിതരാകുന്നത്. ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച്, വിവാഹത്തിനായി എത്തുന്നവരെ സ്വീകരിക്കാൻ ഇന്ന് രാത്രി താരങ്ങൾ ഒരു പ്രത്യേക ആഡംബര അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. രശ്‌മിക തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
അത്താഴവിരുന്ന് വിവാഹത്തിനുമുൻപുള്ള വിജയ്‌യുടെയും രശ്‌മികയുടെയും പ്രധാന ഒത്തുചേരലായിട്ടാണ് കാണുന്നത്. അതിഥികളുടെ ഇഷ്ടാനുസരണമുള്ള വിഭവങ്ങൾ തയ്യാറാക്കാൻ പ്രഗത്ഭരായ പാചക വിദഗ്ധരെയാണ് എത്തിച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ താരങ്ങളുടെയും ഇഷ്ടവിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അത്താഴവിരുന്നിൽ ജാപ്പനീസ് പാചകരീതികളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
മറ്റൊരു ദേശീയ മാദ്ധ്യമം പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ഫെബ്രുവരി 26ന് രാവിലെ പത്തുമണി മുതലായിരിക്കും വിവാഹ ചടങ്ങുകളും ആരംഭിക്കുക. പുലർച്ചെ തെലുങ്ക് സംസ്‌കാരവും പാരമ്പര്യവും അനുസരിച്ചുള്ള വിവാഹ ചടങ്ങുകളും വൈകുന്നേരം കൊഡവ സമുദായ ആചാരങ്ങൾക്കനുസരിച്ചുള്ള ചടങ്ങുകളിം നടത്തും. വിജയ് തെലുങ്ക് സമുദായത്തിൽ നിന്നുള്ളയാളും രശ്മിക കൊഡവ സമുദായത്തിൽ നിന്നുള്ളയാളുമാണ്. ഇരുവരുടെയും സംസ്‌കാരങ്ങളെ ബഹുമാനിച്ചായിരിക്കും വിവാഹം നടക്കുക. മാർച്ച് നാലിന് സിനിമാ മേഖലയിലെ പ്രമുഖർക്കായി ഹൈദരാബാദിലെ താജ് കൃഷ്ണയിൽ വച്ച് വിവാഹസൽക്കാരം സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
2018ൽ 'ഗീതാഗോവിന്ദം' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിനുശേഷമാണ് ഇരവുരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നത്. പിന്നീട് 2019 ൽ പുറത്തിറങ്ങിയ 'ഡിയർ കോമ്രേഡ്' എന്ന ചിത്രത്തിലും അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു, അതിനുശേഷവും താരങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുകയായിരുന്നു. വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഒരു സ്വകാര്യ ചടങ്ങിൽ രശ്മികയും വിജയ്‌യും വിവാഹനിശ്ചയം നടത്തിയതായും വാർത്തകളുണ്ടായിരുന്നു.