ഒരിക്കലെങ്കിലും രാത്രിയിൽ നഖം വെട്ടിയിട്ടുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം, ദോഷങ്ങൾ ഉണ്ടാവരുതല്ലോ
ഒരിക്കലെങ്കിലും രാത്രിയിൽ നഖംവെട്ടിയിട്ടുള്ളവരാണോ നിങ്ങൾ?. എങ്കിൽ അന്ന് മുതിർന്നവരിൽ നിന്ന് കേട്ട വഴക്ക് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ടാവും. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത തെറ്റാണ് രാത്രിയിലെ നഖം വെട്ടൽ എന്നാണ് പഴയ തലമുറക്കാർ പറയുന്നത്. യക്ഷി ഇറങ്ങുന്നത് രാത്രിയിലാണ്. അവരുടെ വിരലുകളിൽ കൂർത്ത നഖമുണ്ടാവും. അവർ ആക്രമിക്കുമ്പോൾ തിരിച്ചാക്രമിക്കാൻ നമ്മുടെ വിരലുകളിലും നഖങ്ങൾ വേണം എന്നാണ് ഇതിന് കാരണമായി ചിലർ പറയുന്നത്. ചിലർക്ക് വേറെ ന്യായങ്ങളാവും പറയാനുണ്ടാവുക.
എന്നാൽ ഇതിലൊന്നിനും ശാസ്ത്രീയ അടിത്തറയില്ലെന്നതാണ് സത്യം. ശരിക്കുപറഞ്ഞാൽ അന്ധവിശ്വാസം.പണ്ട് ഇന്നത്തെപ്പോലെ എല്ലാ വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമാണ് അന്ന് രാത്രിയിലെ കൂട്ട്. അതുപോലെ നഖംവെട്ടിയും വ്യാപകമായിരുന്നില്ല. ബ്ലേഡോ, മൂർച്ചയുള്ള കത്തിയോ കൊണ്ടാണ് നഖം വെട്ടിയിരുന്നത്. മങ്ങിയ വെളിച്ചത്തിൽ ഇവകൊണ്ട് നഖംവെട്ടുമ്പോൾ ശരീരത്തിൽ ആഴത്തിൽ പരിക്കേൽക്കാനുള്ള സാദ്ധ്യത വരളെകൂടുതലാണ്. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് രാത്രിയിലെ നഖംവെട്ടൽ പണ്ടുള്ളവർ അനുവദിക്കാതിരുന്നത്.
ഇതുപോലെ രാത്രിയിൽ മുറ്റമടിക്കാനും അനുവദിച്ചിരുന്നില്ല. രാത്രിയിൽ ഇരപിടിക്കാനിറങ്ങി മുറ്റത്തിനരികിലും മറ്റും കിടക്കുന്ന പാമ്പുകളെ ഇരുട്ടുകാരണം കാണാൻ കഴിയില്ല. മുറ്റമടിക്കുന്നതിനിടെ ഇവയെ ചവിട്ടിയാൽ കടി ഇറപ്പാണ്. വിഷ ചികിത്സ ഇന്നത്തെപ്പോലെ അന്ന് വ്യാപകമായിരുന്നില്ല. അതുകാരണം കടിയേൽക്കുന്ന ആൾക്ക് ജീവഹാനി സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണ്. ഇതൊഴിവാക്കാനാണ് രാത്രിയിലെ മുറ്റമടി പണ്ടുള്ളവർ വിലക്കിയിരുന്നത്.