'ജാതിയും മതവും പ്രശ്നമായിരുന്നില്ല, പക്ഷേ നിബന്ധന ഒരേയൊരു കാര്യത്തിൽ'; വിജയ്-രശ്‌മിക വിവാഹത്തിൽ മാതാപിതാക്കൾ
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെയും.ഫെബ്രുവരി 26നാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹവാർത്ത പുറത്തുവന്നതോടെ താരങ്ങളുടെ പഴയകാല അഭിമുഖങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 2018ൽ 'ഗീത ഗോവിന്ദം' എന്ന സിനിമയുടെ വിജയാഘോഷത്തിനിടെ വിജയ്‌യുടെ മാതാപിതാക്കളോട് അവരുടെ മരുമകളെക്കുറിച്ച് അവതാരക ചോദിച്ചപ്പോഴുണ്ടായ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
'എന്റെ മോനെ നന്നായി സ്‌നേഹിക്കുകയും നോക്കുകയും ചെയ്യുന്ന മരുമകൾ വരണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ. അവൻ സിനിമയിലായതുകൊണ്ട് അവനെ ശരിക്കും മനസിലാക്കുന്ന ഒരാളായിരിക്കണം മരുമകൾ.' വിജയ്‌യുടെ അമ്മ മാധവി പറഞ്ഞു. 'അവൻ ഇഷ്ടപ്പെടുന്ന ആരെ വേണമെങ്കിലും അവൻ കല്യാണം കഴിച്ചോട്ടെ, എനിക്ക് അതിൽ എതിർപ്പുകളോ പ്രത്യേക നിർബന്ധങ്ങളോ ഇല്ല. ജാതിയോ മതമോ ഒന്നും എനിക്ക് പ്രശ്നമല്ല. അവൻ വിവാഹം കഴിക്കുന്നത് ഒരു ഇന്ത്യക്കാരിയെ, പ്രത്യേകിച്ച് ഒരു ദക്ഷിണേന്ത്യക്കാരിയെ ആണെങ്കിൽ അത്രയും സന്തോഷം.' പിതാവ് ഗോവർദ്ധൻ പറഞ്ഞു.
അതേസമയം, താനൊരു അറേഞ്ച്ഡ് മാര്യേജിന് ചേരുന്ന ആളല്ലെന്ന് അന്ന് തന്നെ വേദിയിൽ വിജയ് തുറന്നുപറഞ്ഞിരുന്നു. 'എന്റേത് പ്രണയവിവാഹം മാത്രമായിരിക്കും. പക്ഷേ ഞാൻ കണ്ടെത്തുന്ന പെൺകുട്ടിയെ എന്റെ അച്ഛനും അമ്മയ്ക്കും ഇഷ്ടപ്പെടണം' എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം.
26ന് ഉദയ്പൂരിലെ ആഡംബര ഹോട്ടലായ ഐടിസി മൊമന്റോസിൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. സ്വന്തമായി ഹെലിപാഡും നദിയും തടാകവുമുള്ള അതിമനോഹരമായ ഹിൽ റിസോർട്ടാണിത്. തീർത്തും സ്വകാര്യമായ ചടങ്ങിൽ ഏകദേശം 100 പേർക്ക് മാത്രമാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. തെലങ്കാനയിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളും അടുത്ത സുഹൃത്തുക്കളായ ഏതാനും സംവിധായകരും മാത്രമാണ് അതിഥികളുടെ പട്ടികയിലുള്ളത്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത അതീവ സുരക്ഷയുള്ള ഇടത്താണ് വിവാഹം.