മൃതദേഹം തള്ളിയത് വൈറ്റിലയിലെ ഉപയോഗശൂന്യമായ ട്രാക്കിൽ; വാക്കുതർക്കത്തിന് പിന്നാലെ കൊല, പ്രതി പിടിയിൽ
കൊച്ചി: വൈറ്റില റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഷാജി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരട് പൊലീസ് പ്രതിയിലേക്ക് എത്തിയത്. ഷാജിയും യുവതിയും നേരത്തേ പരിചയമുണ്ടായിരുന്നു. സംഭവസ്ഥലത്തുവച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിച്ചശേഷം കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നു .
കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനായിരുന്നു മൃതദേഹം റെയിൽവേ ട്രാക്കിൽ തള്ളിയതെന്നാണ് പൊലീസ് കരുതുന്നത്. ഉപയോഗശൂന്യമായ പാളത്തിൽ മൃതദേഹം ഉപേക്ഷിച്ചതാണ് കൊലപാതകവിവരം പുറത്തറിയാൻ ഇടയാക്കിയത്. എറണാകുളം-കോട്ടയം ട്രാക്കിന്റെ സർവീസ് ഇല്ലാതെകിടക്കുന്ന പാളത്തിലാണ് മൃതദേഹം തള്ളിയത്. ഉപയോഗശൂന്യമായ പാളമെന്ന് തിരിച്ചറിയാതെയാവാം പ്രതി മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരും.
നേരത്തേ, മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഇവർ തന്നെയാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് ട്രാക്കിനടുത്ത് മൃതദേഹം കിടക്കുന്ന വിവരം ലോക്കോ പൈലറ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചത്. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിൽ ട്രെയിനിടിച്ചല്ല മരണമെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും മുറിവുകളും പാടുകളുമുണ്ട്. കൂടാതെ നഗരത്തിലെ വസ്ത്രസ്ഥാപനത്തിലെ സ്റ്റിക്കറും യുവതി ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് കണ്ടെത്തി. കൊലപാതകമാണെന്ന് വ്യക്തമായതോടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിക്കുകായിരുന്നു.