ഭക്ഷ്യസുരക്ഷാവകുപ്പിൽ 42 പുതിയ തസ്തികകൾ

Wednesday 25 February 2026 2:13 AM IST

കോട്ടയം : ഭക്ഷ്യവിഷബാധ തുടർക്കഥയായതോടെ പരിശോധനയ്ക്ക് 42 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. 2023 ൽ 52 തസ്തികകൾ ശുപാർശ ചെയ്തിട്ടും പത്തുപേരെയാണ് നിയമിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ 42 പേരെ കൂടി നിയമിക്കുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ അഫ്സാന പർവീൺ ഉത്തരവിറക്കിയത്.

പി.എസ്.സിയിൽ 152 പേരുടെ റാങ്കുലിസ്റ്റ് നോക്കുകുത്തിയാണെന്ന് കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ അതോറിട്ടി മാനദണ്ഡമനുസരിച്ചുള്ള നിയമന അനുപാതം കേരളത്തിലില്ല. സംസ്ഥാനത്തെ നിലവിലെ ഭക്ഷ്യസംരംഭങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ കുറഞ്ഞത് 500 ലധികം ഉദ്യോഗസ്ഥരുടെ സേവനം ആവശ്യമാണ്. നിലവിലുള്ള 170 ഉദ്യോഗസ്ഥരും പുതിയ 42 തസ്തികകളും ചേർത്താൽ 212 ഉദ്യോഗസ്ഥരേയാകൂ.

അധിക സാമ്പത്തിക ബാദ്ധ്യതയാകില്ല

പുതിയ നിയമനങ്ങൾ സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കില്ല. 2024-25 സാമ്പത്തിക

വർഷത്തിൽ ഭക്ഷ്യസുരക്ഷാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ നിന്ന് 5.5 കോടി രൂപയാണ് സർക്കാർ ഖജനാവിലേക്കെത്തിയത്. നിലവിൽ രജിസ്ട്രേഷൻ

മാത്രമുള്ള 80,000 ത്തോളം സംരംഭകരെ ലൈസൻസിലേക്ക് മാറ്റിയാൽ 15 കോടിയോളം രൂപ സർക്കാരിന് ലഭിക്കും.

''42 പുതിയ തസ്തികകൾ സൃഷ്ടിച്ചാലും ഉദ്യോഗസ്ഥ ക്ഷാമം തുടരും. പരിശോധന വഴിപാടാകും. ജനങ്ങളുടെ ജീവനെക്കരുതി അടിയന്തിരമായി പി.എസ്.സി റാങ്കുലിസ്റ്റിലുള്ള മുഴുവൻ ആളുകളെയും നിയമിക്കണം.

-എബിഐപ്പ് ( ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം)