ഗോവയിലെ അധോലോകം വിറപ്പിക്കാൻ കർമാടി

Wednesday 25 February 2026 6:00 AM IST

സുദേവ് നായരുടെ ടോക്സിക് ലുക്ക്

യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക് സിക് എന്ന പാൻ ഇന്ത്യൻ ചിത്രത്തിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ' 'കർമാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.സുദേവ് നായരുടെ കരിയറിൽ വഴിത്തിരിവാകാൻ പോകുന്ന വേഷമായിരിക്കും കർമാടി.സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻ.ടി.ആർ നായകനായ ദേവര, പവൻ കല്യാണിന്റെ ഒ.ജി , ചിരഞ്ജീവി ചിത്രം മന ശങ്കര വീര പ്രസാദ് ഗാരു എന്നിവയാണ് ചിത്രങ്ങൾ . ടോക്സിക്കിൽ സുദേവിനെ തിരഞ്ഞെടുത്തത് താരത്തിന്റെ അഭിനയമികവ് കൊണ്ടാണെന്ന് ഉറപ്പിക്കാം. 1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് സിനിമയുടെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. രവി ബസ്രൂറിന്റെ സംഗീതവും രാജീവ് രവിയുടെ ഛായാഗ്രഹണവും കൊണ്ട് ഇന്ത്യൻ സിനിമയിൽ പുതിയൊരു ദൃശ്യവിസ്മയം തീർക്കാനൊരുങ്ങുന്ന ടോക്സിക് മാർച്ച് 19ന് ലോകവ്യാപകമായി റിലീസ് ചെയ്യും.