മനുഷ്യത്വം കാണിച്ചത് വനിതാ മാനേജര്‍ക്ക് ഇഷ്ടപ്പെട്ടില്ല, ജോലി പോയിക്കിട്ടി; യുവാവിന് സംഭവിച്ചത്

Tuesday 24 February 2026 9:56 PM IST
ഫോട്ടോ: Special Arrangement | കടപ്പാട് - AI

ജോലിക്കിടയില്‍ ഒരു ജീവിയോട് അല്‍പ്പം കരുണ കാണിച്ചതിന്റെ പേരില്‍ യുവാവിനെ പിരിച്ചുവിട്ടു. റഷ്യയിലെ ഡോഡോ പിസയുടെ ഡെലിവറി ബോയിക്കാണ് ജോലി നഷ്ടപ്പെട്ടത്. മൈനസ് 20 ഡിഗ്രി തണുപ്പില്‍ മരവിച്ച് കിടന്ന ഒരു നായക്ക് പുതപ്പ് നല്‍കിയതിനാണ് യുവാവിന് ജോലി നഷ്ടമായത്. മിഖായല്‍ സ്റ്റാവിറ്റ്‌സ്‌കി എന്ന യുവാവിനാണ് ദുരനുഭവം. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നില്‍ കിടന്ന നായയെയാണ് മിഖായല്‍ സംരക്ഷിച്ചത്.

മാസങ്ങളായി കടയുടെ മുന്നിലാണ് നായ ഉറങ്ങുന്നത്. പിസ ഷോപ്പിലെ ജീവനക്കാര്‍ക്കും അവിടെ എത്തുന്ന ആളുകള്‍ക്കും നായയെ വലിയ ഇഷ്ടമായിരുന്നു. ഡോഡോബോണ്യ എന്ന് അവര്‍ നായക്ക് പേരും നല്‍കിയിരുന്നു. നായയെ സഹായിക്കുന്നവരായിരുന്നു ഇവരെല്ലാം. എന്നാല്‍ പിസ ഷോപ്പില്‍ പുതിയ വനിതാ മാനേജര്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയത്. കടയുടെ മുന്നില്‍ നായയുടെ സാന്നിദ്ധ്യം യൂലിയ എന്ന മാനേജര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇനി ആരെങ്കിലും നായയെ സഹായിച്ചാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്നാല്‍ കൊടുംതണുപ്പില്‍ കിടക്കുന്ന ഡോഡോബോണ്യയെ കൈയൊഴിയാന്‍ മിഖായേല്‍ തയാറായില്ല. ഡെലിവറിക്ക് പോകുന്നതിന് മുന്‍പ് നായയെ യുവാവ് പുതപ്പിച്ചു. 15 മിനിറ്റിനുള്ളില്‍ തിരിച്ചുവന്നപ്പോള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി മാനേജര്‍ അറിയിക്കുകയായിരുന്നു. നായയെ സഹായിക്കുന്നവര്‍ തെരുവിലിറങ്ങേണ്ടി വരുമെന്ന മാനേജര്‍ യൂലിയയുടെ ഭീഷണിസന്ദേശം മിഖായേല്‍ പുറത്തുവിട്ടു. ഇതോടെ ഡോഡോ പീത്സയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയും ചെയ്തു.