സ്ഥാനാർത്ഥി ചർച്ചകളിൽ മക്കൾ രാഷ്ട്രീയവും

Wednesday 25 February 2026 12:57 AM IST

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ കൊല്ലത്തെ സീറ്റ് വിഭജനവും സ്ഥാനാർത്ഥി ചർച്ചകളുമായി മുന്നണികൾ സജീവമാകുമ്പോൾ മക്കൾ രാഷ്ട്രീയവും ചർച്ചയാകുന്നു. ആർ.എസ്.പി യിലാണ് മക്കൾ രാഷ്ട്രീയത്തെ ചൊല്ലി വിവാദം പുകയുന്നത്. ജില്ലയിലെ 11ൽ 9 സീറ്റും നിലവിൽ എൽ.ഡി എഫിനാണെങ്കിലും മുന്നണിയിലെ എം.എൽ.എ മാരിൽ ആരൊക്കെ വീണ്ടും മത്സര രംഗത്തുണ്ടാകുമെന്നതിൽ അന്തിമ തീരുമാനം ആയില്ല. സി.പി.എം എo.എൽ.എ മാരിൽ മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിലും എം. നൗഷാദ് ഇരവിപുരത്തും ഡോ.സുജിത്ത് വിജയൻ പിള്ള ചവറയിലും വീണ്ടും മത്സരിക്കുമെന്നു റപ്പായിട്ടുണ്ട്. കൊല്ലത്ത് എം. മുകേഷിന് ഇനി സീറ്റ് നൽകാനിടയില്ല. അവിടെ സി.പി.എം പുതിയ സ്ഥാനാർത്ഥിയെ തേടുകയാണ്. കുണ്ടറയിലും ആരെ സ്ഥാനാർത്ഥിയാക്കുമെന്നതിൽ ധാരണയായില്ല. 21 ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതു സംബന്ധിച്ച ചർച്ച നടന്നു. എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റിയും ഉടനെ ചേരും. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനത്തിൽ സംവരണ മണ്ഡലമായ കുന്നത്തൂരിന്റെ കാര്യത്തിൽ മാത്രമാണ് അന്തിമ ധാരണയാകാനുള്ളത്. ആർ.എസ്. പി ലെനിനിസ്റ്റിന്റെ പേരിൽ 5 തവണയായി കുന്നത്തൂരിൽ മത്സരിക്കുന്ന കോവൂർ കുഞ്ഞുമോന് വീണ്ടും സീറ്റ് നൽകണോ എന്നതിൽ സി.പി.എമ്മിൽ ഭിന്നതയുണ്ട്. ഇക്കുറി കുന്നത്തുർ മണ്ഡലം സി.പി.എം ഏറ്റെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. 2014 ൽ ആർ.എസ്.പി എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് പോയപ്പോൾ കുഞ്ഞുമോൻ എൽ.ഡി.എഫിനൊപ്പം ഉറച്ചു നിന്നു. 2021 ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന കാനം രാജേന്ദ്രൻ എന്നിവർ സംയുക്തമായി ആലോചിച്ചാണ് കുഞ്ഞുമോന് വീണ്ടും സീറ്റ് നൽകാൻ തീരുമാനിച്ചത്. കുഞ്ഞുമോന്റെ പാർട്ടി തീരെ ദുർബ്ബലമായതിനാ ൽ ഇക്കുറി അത് ഏറ്റെടുക്കണമെന്നാണ് വാദം. അങ്ങനെയെങ്കിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.പിയുമായ കെ. സോമപ്രസാദിനെ പരിഗണിക്കാനാകും പാർട്ടി തീരുമാനം. കുന്നത്തൂർ സി.പി.എം ഏറ്റെടുത്താൽ ഒരു സീറ്റിന് അവകാശ വാദം ഉന്നയിച്ച് സി.പി.ഐ രംഗത്തെത്തുമെന്ന ആശങ്കയും സി.പി.എം നേതൃത്വത്തിനുണ്ട്. നേരത്തെ ചവറ സീറ്റ് ആർ.എസ്.പി യിൽ നിന്ന് സി.പി.എം ഏറ്റെടുത്ത് സ്വന്തം അക്കൗണ്ടിലാക്കിയതിനാൽ കുന്നത്തൂർ ഒഴിവ് വന്നാൽ അത് സി.പി.ഐക്ക് വേണമെന്ന ആവശ്യം ഉയരാം. അതിനാൽ ആറാം തവണയും കുഞ്ഞുമോന് തന്നെ നറുക്ക് വീണാലും അത്ഭുതപ്പെടാനാകില്ല.

മകനെച്ചൊല്ലി ആർ.എസ്.പി യിൽ ഭിന്നത

മക്കൾ രാഷ്ട്രീയം എല്ലാ പാർട്ടികളിലും ഒരു 'വീക്ക്നസ്' ആയി മാറുമ്പോൾ ആർ.എസ്.പിയും മക്കൾ രാഷ്ടീയത്തിന്റെ പിടിയിലാകുകയാണോ എന്ന സംശയമാണുയരുന്നത്. എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമ ചന്ദ്രനെച്ചൊല്ലി ആർ.എസ്.പി യിൽ ഉടലെടുത്ത ഭിന്നത വീണ്ടും പാർട്ടിയെ ഒരു പിളർപ്പിലേക്ക് നയിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഇരവിപുരം സീറ്റിലേക്ക് കാർത്തിക്കിന്റെ പേരും പരിഗണിക്കുന്നതായ പ്രചാരണം വ്യാപകമായ തോടെ പാർട്ടി ആക്ടിംഗ് സെക്രട്ടറി എ.എ അസീസ് തന്നെ രംഗത്തിറങ്ങി അഭ്യൂഹങ്ങൾ തള്ളി. ഇരവിപുരം സ്വദേശി കൂടിയായ പാർട്ടി നേതാവ് സജി ഡി.ആനന്ദിന്റെ പേരിനാണ് ഇരവിപുരത്ത് മുൻതൂക്കമുള്ളത്. കൊല്ലത്തെ അഭിഭാഷകനായ വി. റാം മോഹന്റെ പേരും മുൻ കോർപ്പറേഷൻ കൗൺസിലർ നൗഷാദിന്റെ പേരും പരിഗണനയിലാണ്.പാർട്ടി ഇരവിപുരം മണ്ഡലം കമ്മിറ്റി നിർദ്ദേശം കൂടി പരിഗണിച്ചാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. ചവറയിൽ ഷിബു ബേബിജോണും കുന്നത്തൂരിൽ കഴിഞ്ഞ തവണ മത്സരിച്ച യുവ നേതാവ് ഉല്ലാസ് കോവൂരും മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. ആർ.എസ്.പിയുടെ മറ്റു സീറ്റുകൾ സംബന്ധിച്ച് പാർട്ടി നേതൃത്വം തിങ്കളാഴ്ച കോൺഗ്രസ് നേതൃത്വവുമായി ഇടുക്കിയിൽ വച്ച് ചർച്ച നടത്തി. വി.ഡി സതീശൻ നയിക്കുന്ന യാത്രയ്ക്കിടെ ആർ.എസ്.പി നേതാക്കളായ എൻ.കെ പ്രേമ ചന്ദ്രൻ, എ.എ അസീസ്, ഷിബു ബേബി ജോൺ എന്നിവരാണ് ചർച്ച നടത്തിയത്. ആർ.എസ്.പി മത്സരിക്കുന്ന മട്ടന്നൂർ, ആറ്റിങ്ങൽ സീറ്റുകൾക്ക് പകരം ജയസാദ്ധ്യതയുള്ള സീറ്റുകൾ വേണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ചർച്ച. ആറ്റിങ്ങലിന് പകരം വർക്കല, വാമനപുരം, ആര്യ നാട് സീറ്റുകളിൽ ഏതെങ്കിലും നൽകണമെന്നതാണ് ആർ.എസ്.പിയുടെ ആവശ്യം. മട്ടന്നൂരിന് പകരം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും ഒരു സീറ്റ് മാറ്റി നൽകുമെന്നാണ് സൂചന. നിലവിൽ നിയമസഭയിൽ 'സംപൂജ്യ'രായ ആർ.എസ്.പി ഇ ക്കുറി ഒരു സീറ്റിലെങ്കിലും വിജയിച്ചില്ലെങ്കിൽ പാർട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടാം.

കൂടുമാറ്റ 'വിസ്മയം' തുടരുന്നു

പാർട്ടി വിട്ട് മറ്റു പാർട്ടികളിലേക്കുള്ള കൂടുമാറ്റ വിസ്മയം തുടരുകയാണ്. സി.പി.എം മുൻ എം.എൽ.എ ആയിരുന്ന പി.ഐ ഷാ പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേക്കേറിയതിനു പിന്നാലെ സി.പി.എം നേതാവും മുൻ അഞ്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സുജ ചന്ദ്രബാബു പാർട്ടി വിട്ട് മുസ്ലിം ലീഗിലെത്തിയതും സി.പി.എമ്മിനെ അങ്കലാപ്പിലാഴ്ത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മറ്റൊരു വനിതാ നേതാവ് കോൺഗ്രസ് വിട്ട് ബി.ജെ പി യിലെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാലിനെതിരെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥി ആർ.രശ്മിയാണ് പാർട്ടിയിൽ അവഗണിക്കപ്പെട്ടുവെന്ന പരാതിയുമായി ബി.ജെ.പിയിലെത്തിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രശ്മിയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചത്. വരുന്ന തിരഞ്ഞെടുപ്പിൽ രശ്മി കൊട്ടാരക്കരയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. കോൺഗ്രസ് സഹയാത്രികനും ബിഗ് ബോസ് താരവുമായിരുന്ന അഖിൽ മാരാർ ട്വന്റി ട്വന്റി പാർട്ടിയിൽ ചേർന്ന് എൻ.ഡി.എയുടെ ഭാഗമായതാണ് മറ്റൊരു വിസ്മയം. കൊട്ടാരക്കര സ്വദേശിയാണ് അഖിൽ മാരാർ.