എസ്.ഐ.ആർ: വോട്ട് കുറഞ്ഞത് 95 മണ്ഡലങ്ങളിൽ,സ്ത്രീ വോട്ടിന് ആധിപത്യം.​ കാസർകോട്ട് തുല്യബലം

Wednesday 25 February 2026 12:06 AM IST

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടികയിൽ കൂടുതൽ സ്ത്രീവോട്ടർമാർ: 1,38,27,319. സംസ്ഥാനത്താകെ 227 ട്രാൻസ്‌ജെൻഡർ വോട്ടർമാരാണുള്ളത്. എസ്‌.ഐ.ആർ നടപടികൾക്കായി തിരഞ്ഞെടുത്ത 2025 ഒക്ടോബറിലെ വോട്ടർ പട്ടിക പ്രകാരം 8.9 ലക്ഷം പേരുടെ കുറവ് അന്തിമ പട്ടികയിലുണ്ട്. ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ 16 ലക്ഷം വോട്ടർമാരുടെ കുറവും! കരട് പട്ടികയിൽ നിന്ന് 53,229 പേരെ ഒഴിവാക്കിയിരുന്നു.

പുതുക്കിയ പട്ടിക പ്രകാരം 1,31,26,048 പുരുഷ വോട്ടർമാർ ഉൾപ്പെടെ 2,69,53,644 വോട്ടർമാരാണ് പുതുക്കിയ പട്ടികയിലുള്ളത്. 18- 19 പ്രായപരിധിയിലുള്ള 4,24,518 വോട്ടർമാരുണ്ട്. പ്രവാസി വോട്ടർമാരുടെ എണ്ണം 2,23,558 ആണ്. സർവീസ് വോട്ടർമാർ 54,110. ഏറ്റവും കൂടുതൽ സ്ത്രീവോട്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്- 18,05,303. കുറവ് വയനാട്ടിലും (327688)​. തിരൂരാണ് സ്ത്രീവോട്ടർമാർ കൂടുതലുള്ള നിയമസഭാ മണ്ഡലം (1,25,965)​. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 1,37,79,213 സ്ത്രീ വോട്ടർമാരായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതുമായി താരതമ്യപ്പെടുമ്പോൾ 48,106 സ്ത്രീവോട്ടർമാരുടെ വർദ്ധന ഇത്തവണയുണ്ടായിട്ടുണ്ട്.

ഏറ്റവും കൂടുതൽ സ്ത്രീ വോട്ടർമാരുള്ള മലപ്പുറത്ത് ഇത്തവണ അവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 1,98,299 സ്ത്രീകളാണ് ഇത്തവണ അധികമായി വോട്ടർപട്ടികയിൽ ഇടം നേടിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 16,07,004 സ്ത്രീ വോട്ടർമാരായിരുന്നു മലപ്പുറം ജില്ലയിൽ. ഇത്തവണ പ്രവാസി വോട്ടർമാർ 2,23,553 പേരുണ്ടെങ്കിലും അവരിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം കുറവാണ്- 33,458. പ്രവാസി സ്ത്രീ വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് തലശേരി നിയമസഭാ മണ്ഡലത്തിലാണ്- 1286 പേർ. ഏറ്റവും കുറവ് നെയ്യാറ്റിൻകര നിയമസഭാ മണ്ഡലത്തിൽ- രണ്ട്! കാഞ്ഞങ്ങാട്, പയ്യന്നൂർ, കുറ്റ്യാടി, നാദാപുരം, തിരൂരങ്ങാടി, നാട്ടിക, പുതുപ്പള്ളി, ചടയമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ ഒരു പ്രവാസി ട്രാൻസ്‌ജെൻഡർ വോട്ടർമാർ വീതമാണുള്ളത്.

സ്ത്രീവോട്ടർമാർ

ജില്ലകളിൽ

കാസർകോട്: 5,​55,​530 കണ്ണൂർ: 1​1,​18,​589 വയനാട്: 3,​27,​688

കോഴിക്കോട്: 13,​59,​102 മലപ്പുറം: 18,​05,​303 പാലക്കാട്: 11,​47,​655

തൃശൂർ: 12,​94,​470

എറണാകുളം: 12,​66,​891 ഇടുക്കി: 4,​04,​541 കോട്ടയം: 7,​68,​805

ആലപ്പുഴ: 8,​64,​933 പത്തനംതിട്ട: 5,​08,​251 കൊല്ലം: 10,​84,​207 തിരുവനന്തപുരം: 13,​21,​354

സംസ്ഥാനത്തെ 10 നിയമസഭാ മണ്ഡലങ്ങളിൽ സ്ത്രീ വോട്ടർമാരുടെ എണ്ണം കുറവാണ്. മഞ്ചേശ്വരം (പുരുഷ വോട്ടർമാർ 114570,​ സ്ത്രീ വോട്ടർമാർ 112833),മലപ്പുറം (പുരുഷൻ: 119776,​ സ്ത്രീ: 1177952), വേങ്ങര (പുരുഷൻ: 108002,​ സ്ത്രീ: 102896), വള്ളിക്കുന്ന് (പുരുഷൻ: 110895,​ സ്ത്രീ: 109224), തിരൂരങ്ങാടി (പുരുഷൻ: 112683,​ സ്ത്രീ: 109439), താനൂർ ( പുരുഷൻ: 126597,​ സ്ത്രീ 125965), കോട്ടയ്ക്കൽ (പുരുഷൻ: 122085,​ സ്ത്രീ: 119479), ഏറനാട് (പുരുഷൻ: 100292,​ സ്ത്രീ: 98925) എന്നീ മണ്ഡലങ്ങളിലാണ് സ്ത്രീവോട്ടർമാരുടെ എണ്ണത്തിൽ കുറവുള്ളത്.

കാസർകോട്ട്

തുല്യബലം

മറ്റെല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്ത്രീ- പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുണ്ടെങ്കിലും കാസർകോട് നിയമസഭാ മണ്ഡലം ഇക്കാര്യത്തിൽ വ്യതസ്തമാണ്. ഇവിടെ സ്ത്രീപുരുഷ വോട്ടർമാരുടെ എണ്ണം തുല്യമാണ്. ആദ്യമായാണ് ഒരു മണ്ഡലത്തിൽ ഇങ്ങനെ സംഭവിക്കുന്നത്- 1,​04,​866 വീതം.

കുറഞ്ഞത് 95

മണ്ഡലങ്ങളിൽ

എസ്.ഐ.ആർ അന്തിമ പട്ടിക പുറത്തുവന്നപ്പോൾ 95 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞിട്ടുണ്ട്. 45 മണ്ഡലങ്ങളിൽ വോട്ട് കൂടി. വോട്ടർമാരുടെ കണക്കിൽ വന്ന വ്യത്യാസം മുന്നണികളെ ആശങ്കപ്പെടുത്തതാണ്. കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിൽ ഇത്തവണയുണ്ടായ വോട്ട് വ്യത്യാസം ജയപരാജയങ്ങളെ സ്വാധീനിക്കും. ഏറ്റവും കൂടുതൽ വോട്ട് കുറഞ്ഞ നാലു മണ്ഡലങ്ങളും തലസ്ഥാന ജില്ലയിലാണ്! തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ 1.61 ലക്ഷം വോട്ടാണ് കുറഞ്ഞത്. മൂന്നു മുന്നണികൾക്കും ഒരുപോലെ സ്വാധീനമുള്ളതാണ് ഈ മണ്ഡലങ്ങൾ.

തിരുവനന്തപുരം മണ്ഡലത്തിൽ 47,647 വോട്ടർമാരാണ് കുറഞ്ഞത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ 42,580 പേർ കുറഞ്ഞു. നേമം മണ്ഡലത്തിൽ 38,063 വോട്ടർമാരുടെയും,​ കഴക്കൂട്ടം മണ്ഡലത്തിൽ 32,769 വോട്ടർമാരുടെയും കുറവുണ്ടായി. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളിലും വോട്ടർമാരുടെ കുറവുണ്ടായി എന്നതാണ് പ്രത്യേകത. വർക്കല (7901), ആറ്റിങ്ങൽ (8740),​ ചിറയിൻകീഴ് ( 9993),​ നെടുമങ്ങാട് (15561),​ വാമനപുരം ( 14765),​ കഴക്കൂട്ടം ( 32769),​ വട്ടിയൂർക്കാവ് (42580),​ തിരുവനന്തപുരം (47647),​ നേമം ( 38063),​ അരുവിക്കര (14981),​ പാറശ്ശാല (25614),​ കാട്ടാക്കട (18670),​ കോവളം (22888),​ നെയ്യാറ്റിൻകര (21,410).

കണ്ണൂരിൽ പേരാവൂരിൽ 601 വോട്ട് കുറഞ്ഞു. വയനാട് ജില്ലയിൽ ബത്തേരിയിൽ 4481 വോട്ട് കുറഞ്ഞു. കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി (1767), പേരാമ്പ്ര (982) ബാലുശേരി (3629), കോഴിക്കോട് നോർത്ത് (12708), കോഴിക്കോട് സൗത്ത്(3629), കുന്ദമംഗലം (213)എന്നിവിടങ്ങളിൽ കുറഞ്ഞു. മലപ്പുറത്ത് കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട,മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിൽ വോട്ട് വർദ്ധിച്ചു.

പാലക്കാട് ജില്ലയിൽ ഷൊർണ്ണൂർ, മണ്ണാർക്കാട്, തൃത്താല, പട്ടാമ്പി എന്നിവിടങ്ങളിൽ വോട്ട് കൂടിയപ്പോൾ കോങ്ങോട് (3203) മലമ്പുഴ (21212), തരൂർ (7290), പാലക്കാട് (22147), ചിറ്റൂർ (17393), നെന്മാറ (13428), ആലത്തൂർ (7477)എന്നിവിടങ്ങളിൽ കുറഞ്ഞു. തൃശൂർ ജില്ലയിൽ ചേലക്കര (7431)കുന്നംകുളം,​ (2625),​ ഗുരുവായൂർ (2075),​ മണലൂർ (7762), വടക്കാഞ്ചേരി (13898),​ ഒല്ലൂർ (25657), തൃശൂർ (23872),​ നാട്ടിക (15441),​ ഇരിങ്ങാലക്കുട (11895),​ പുതുക്കാട് (11891),​ ചാലക്കുടി (13733), കൊടുങ്ങല്ലൂർ (6082) എന്നീ മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞു.

എറണാകുളം ജില്ലയിൽ 14 മണ്ഡലങ്ങളിലും വോട്ടർമാർ കുറഞ്ഞു- പെരുമ്പാവൂർ (2432), അങ്കമാലി (12081, ആലുവ (9271), കളമശേരി (8430),​ പറവൂർ (9612), വൈപ്പിൻ (8955), കൊച്ചി (17587),​ തൃപ്പൂണിത്തുറ (27036)​, എറണാകുളം (32399),​ തൃക്കാക്കര (28286),​ കുന്നത്തുനാട് (3911),​ പിറവം (14079),​ മൂവാറ്റുപുഴ (6704), കോതമംഗലം (2488). ഇടുക്കിയിൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടർമാർ കുറഞ്ഞു- ദേവികുളം (27442), ഉടുമ്പൻചോല (22583),​ തൊടുപുഴ (5316),​ ഇടുക്കി (21939),​ പീരുമേട് (23934).

കോട്ടയം ജില്ലയിൽ പാലാ (12483), കടുത്തുരുത്തി (13443),​ വൈക്കം (9584),​ ഏറ്റുമാനൂർ (12013),​ കോട്ടയം (16335),​ പുതുപ്പള്ളി (12812),​ ചങ്ങനാശ്ശേരി (13448),​ കാഞ്ഞിരപ്പള്ളി (13322), പൂഞ്ഞാർ (8738) എന്നീ മണ്ഡലങ്ങളിൽ കുറഞ്ഞു. ആലപ്പുഴയിലും എല്ലാ മണ്ഡലങ്ങളിലും വോട്ടർമാർ കുറഞ്ഞു. അരൂർ (8338), ചേർത്തല (6531), ആലപ്പുഴ (8648), അമ്പലപ്പുഴ (6515),​ കുട്ടനാട് (10846),​ ഹരിപ്പാട് (8953),​ കായംകുളം (11846),​ മാവേലിക്കര (13815), ചെങ്ങന്നൂർ (12599).

പത്തനംതിട്ട ജില്ലയിലും എല്ലാ മണ്ഡലങ്ങളിലും വോട്ടർമാരുടെ കുറവാണ് പട്ടികയിലുണ്ടായത്. റാന്നി (15685), തിരുവല്ല (13746), ആറന്മുള (22,764) കോന്നി (11241) അടൂർ (9738). കൊല്ലം ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മുൻ തിരഞ്ഞെടുപ്പിലെ പട്ടികയിലേതിനെക്കാൾ വോട്ടർമാർ ഇത്തവണത്തെ കുറഞ്ഞു- കരുനാഗപ്പള്ളി (1268),​ ചവറ (3961),​ കുന്നത്തൂർ (1876),​ കൊട്ടാരക്കര (8,887),​ പത്തനാപുരം (7116),​ പുനലൂർ (9896),​ ചടയമംഗലം (2487),​ കുണ്ടറ (3654),​ കുണ്ടറ ( 3654),​ കൊല്ലം (10,384).