സിസ്റ്റത്തെ കുറ്റം പറയരുത്,​ തോറ്റത് ക്യാപ്റ്റൻസി!

Wednesday 25 February 2026 12:19 AM IST

സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെക്കുറിച്ചു കേൾക്കാത്ത ഒരുദിവസം പോലും ഇല്ലെന്നായിരിക്കുന്നു. ഓരോതവണ വീഴ്ച സംഭവിക്കുമ്പോഴും,​ അതിനെ 'സിസ്റ്റത്തിന്റെ തകരാർ" എന്നു പറഞ്ഞ് നിസാരവത്കരിക്കുന്നത് ശരിയല്ല. ഇതൊന്നും സിസ്റ്റത്തിന്റെ തകരാറല്ല; സിസ്റ്റം കൈകാര്യം ചെയ്യുന്ന ക്യാപ്റ്റന്റെ തകരാറാണ് എന്നേ പറയാനാവൂ,​ ഇതേ സിസ്റ്റം വച്ചുകൊണ്ടുതന്നെ എത്രയോ മികച്ച രീതിയിൽ കേരളത്തിലെ ആരോ​ഗ്യ വകുപ്പ് നമ്മൾ കൈകാര്യം ചെയ്തിട്ടുണ്ട്!

2011-ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പാവപ്പെട്ടവർക്ക് പ്രാഥമിക ചികിത്സ മുതൽ വിദ​ഗ്ദ്ധ ചികിത്സ വരെ സൗജന്യമായി ലഭ്യമാക്കാൻ എത്രയെത്ര മികച്ച തീരുമാനങ്ങളാണ് അന്നത്തെ സർക്കാർ നടപ്പാക്കിയത്! ഗ്രാമീണ മേഖലയിൽ മാത്രം ഒതുങ്ങിയിരുന്ന പി.എച്ച് സെന്ററുകളുടെ സേവനം ആദ്യമായി ന​ഗരങ്ങളിലും ലഭ്യമാക്കി. 57 അർബൻ പി.എച്ച്.സികളാണ് അന്നു തുടങ്ങിയത്. ഈ സർക്കാർ വന്ന ശേഷം ഒന്നു പോലും പുതുതായി തുടങ്ങിയില്ല.

എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജ് എന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ നയമായിരുന്നു. അന്നു വരെ കേരളത്തിൽ അഞ്ച് സർക്കാർ മെഡിക്കൽ കോളേജുകളാണ് ഉണ്ടായിരുന്നത്. 11 പുതിയ മെഡിക്കൽ കോളേജുകൾക്കാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ അനുമതി നൽകിയത്. അധികാരമൊഴിയുമ്പോൾ മുന്നൂറോളം മെഡിക്കൽ സീറ്റുകൾ അടക്കമുള്ള മൂന്ന് പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ പൂർണ തോതിൽ പ്രവർത്തനം തുടങ്ങി. മൂന്നെണ്ണത്തിന്റെ പണി ഏകദേശം പൂർത്തിയാക്കി,​ ഭാ​ഗികമായി പ്രവർത്തനം തുടങ്ങി. കാസർ​കോട്ടും വയനാട്ടിലും മെഡിക്കൽ കോളേജിന് ഭൂമി ഏറ്റെടുത്തു.

എന്നാൽ,​ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി,​ ആദ്യം കൈക്കൊണ്ട തീരുമാനങ്ങളിലൊന്ന് 100 മെഡിക്കൽ സീറ്റുകളടക്കം അനുവദിച്ച് മികച്ച രീതിയിൽ തുടങ്ങിയ തിരുവനന്തപുരത്തെ രണ്ടാമത്തെ സർക്കാർ മെഡിക്കൽ കോളേജിന്റെ അം​ഗീകാരം റദ്ദാക്കുന്നതായിരുന്നു! കേരളത്തിൽ എയിംസിനു വേണ്ടി മുറവിളി കൂട്ടുന്നു എന്നു നടിക്കുന്ന രണ്ടാം പിണറായി സർക്കാർ,​ കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ കൊല്ലത്ത് അനുവദിച്ച ഇ.എസ്.ഐ മെഡിക്കൽ കോളേജിന് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാതെ അട്ടിമറിച്ചു. പാവപ്പെട്ട തൊഴിലാളികൾക്ക് സൗജന്യ വിദ​ഗ്ദ്ധ ചികിത്സയും അവരുടെ മിടുക്കരായ കുട്ടികൾക്ക് സർക്കാർ ഫീസിൽ മെഡിക്കൽ പഠനത്തിനുള്ള അവസരവുമാണ് ഈ സർക്കാർ നിഷേധിച്ചത്.

മുൻ യു.ഡി.എഫ് സർക്കാർ പാവപ്പെട്ടവരുടെ ചികിത്സയ്ക്ക് ഏർപ്പെടുത്തിയ കാരുണ്യ ചികിത്സാ പദ്ധതി അപ്പാടെ അട്ടിമറിച്ചവരാണ് ഇന്നത്തെ ആരോ​ഗ്യ മേഖല കുട്ടിച്ചോറാക്കിയത്. ഇതിനായി അന്നത്തെ സർക്കാർ തുടങ്ങിയ 'കാരുണ്യ" ലോട്ടറി ഇന്നുമുണ്ട്. അതിൽ നിന്നുള്ള വരുമാനം അന്ന് പാവപ്പെട്ട രോ​ഗികൾക്ക് ലഭിച്ചെങ്കിൽ ഇന്ന് കോൺക്ലേവുകൾക്കും മറ്റുമായി ദുർവ്യയം ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരതുമായി ചേർന്നുള്ള ഈ പദ്ധതി വഴി, അംഗീകൃത ആശുപത്രികളിൽ നിന്ന് ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സാ സഹായം ലഭിച്ചിരുന്നു. അതാണ് ഇടതു സർക്കാർ അട്ടിമറിച്ചത്.

ജീവിതശൈലി രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനും, സൗജന്യ ചികിത്സ നൽകുന്നതിനുമായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയായിരുന്നു 'അമൃതം ആരോഗ്യം." 30 വയസിനു മുകളിലുള്ളവർക്ക് സ്ക്രീനിംഗും ജീവിതശൈലീ ക്രമീകരണ നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിന് ഉമ്മൻ ചാണ്ടി സർക്കാർ നടപ്പാക്കിയ 'അമൃതം" പദ്ധതിയുടെ പൊടിപോലുമില്ല, ഇപ്പോൾ. ശ്രവണശേഷിയില്ലാത്ത ഹതഭാ​ഗ്യരായ കുഞ്ഞുങ്ങൾക്ക് ശബ്ദസൗകുമാര്യം പകരാൻ ഉമ്മൻചാണ്ടി മുൻകൈയെടുത്ത് നടപ്പാക്കിയ കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതിയും വർഷങ്ങളായി പരണത്താണ്.

ആരോ​ഗ്യ മേഖലയിലുണ്ടാകുന്ന ​ഗുരുതരമായ ഓരോ വീഴ്ചയും ഒറ്റപ്പെട്ട സംഭവമാണെന്നാണ് ആരോ​ഗ്യ മന്ത്രിയുടെ വിശദീകരണം. എന്നാൽ,​ കേരളത്തിൽ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഓരോ ദിവസവും സംഭവിക്കുന്നു എന്നതാണ് വലിയ ദുരന്തം. അപ്പോഴൊക്കെ സിസ്റ്റം തകരാർ, കൈയബദ്ധം തുടങ്ങിയ ന്യായങ്ങൾ നിരത്തി കൈകഴുകുകയാണ് ആരോ​ഗ്യ വകുപ്പ് ചെയ്യുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ 45-ലധികം അന്വേഷണങ്ങൾ ആരോഗ്യവകുപ്പിന് നടത്തേണ്ടിവന്നിട്ടുണ്ട്. ഒരെണ്ണത്തിലും ഒരു നടപടിയും ഉണ്ടായില്ല!

ആലപ്പുഴയിൽ ആരോ​ഗ്യ വകുപ്പിന്റെ അനാസ്ഥയുടെ ഫലമായി ശസ്ത്രക്രിയാ കത്രികയും വയറ്റിലേന്തി അഞ്ചു വർഷം വേദന തിന്നു ജീവിച്ച ഉഷാ ജോസഫിന്റെ മകൻ ഷിബിൻ ജോസഫിന്റെ ഒരു ചോദ്യത്തിന് വകുപ്പിന്റെ ക്യാപ്റ്റനോ ഭരണത്തിന്റെ ക്യാപ്റ്റനോ മറുപടി പറഞ്ഞേ മതിയാകൂ- 'സ്വകാര്യ ആശുപത്രികളിൽ പോയി ചികിത്സിക്കാൻ കഴിയാത്തവരാണ് സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളേജിലും ചികിത്സ തേടുന്നത്. അവരുടെ ജീവനും വിലപ്പെട്ടതാണെന്ന് സർക്കാർ മനസിലാക്കണം. സർക്കാർ ആശുപത്രികളെ മരണത്തിന്റെ വ്യാപാര കേന്ദ്രങ്ങളാക്കി മാറ്റുന്ന സ്ഥിതി മാറിയേ തീരൂ." അതാണ് ജനങ്ങളും പറയുന്നത്: ഈ ദുരവസ്ഥ മാറിയേ പറ്റൂ, ഇല്ലെങ്കിൽ ജനം മാറ്റും.