മെഡൽനേട്ടവുമായി സഹോദരിമാർ

Wednesday 25 February 2026 12:28 AM IST

തൃശൂർ: ശ്രീലങ്കയിൽ നടന്ന കരാട്ടെ ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടവുമായി പേരാമംഗലത്തെ സഹോദരിമാർ. അന്താരാഷ്ട്ര ഷോട്ടോകാൻ കരാട്ടെ ഡോ ജപാൻ സ്‌കൂൾ സംഘടിപ്പിച്ച 13ാം ഓപ്പൺ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് പേരാമംഗലം സ്വദേശികളായ അനന്യ, ഇവാനിയ എന്നിവർ നേട്ടം കൊയ്തത്. മൂന്ന് വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ അനന്യ നേടി. രണ്ട് ഇനങ്ങളിൽ മത്സരിച്ച് ഒന്നിൽ സ്വർണവും മറ്റൊന്നിൽ വെള്ളിയും നേടിയാണ് ഇവാനിയയുടെ നേട്ടം. പേരാമംഗലം സ്വദേശി ചിറ്റാട്ടുകര വീട്ടിൽ ഷിനോയുടെയും ലിയയുടെയും മക്കളാണ് ഇരുവരും. അനന്യ വിവേകോദയം സ്‌കൂളിൽ എട്ടാം ക്ലാസിലും ഇവാനിയ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.