ജയിൽ പരിസരത്ത് കാറിന്റെ സ്റ്റെപ്പിനി ടയറിനടിയിലാക്കി കഞ്ചാവും എംഡിഎംഎയും കടത്തി, മലപ്പുറം സ്വദേശി അബ്‌ദുൾ നാസർ പിടിയിൽ

Wednesday 25 February 2026 1:12 AM IST

കോഴിക്കോട്: വിൽപനക്കെത്തിച്ച 1.633 കിലോഗ്രാം കഞ്ചാവും 19.210 ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം രണ്ടത്താണി സ്വദേശി അബ്ദുൾ നാസറിനെ (39) കോഴിക്കോട് ജില്ലാ ജയിൽ പരിസരത്തുവെച്ച് കസബ ഇൻസ്‌പെക്ടർ ജിമ്മിയുടെ നേതൃത്വത്തിലുള്ള കസബ പൊലീസും ടൗൺ അസി.കമ്മിഷണർ പ്രമോദന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി.

കസബ എസ്.ഐ സനീഷും പാർട്ടിയും പട്രോളിംഗ് നടത്തുന്നതിനിടെ ഒരു കാർ തടഞ്ഞിട്ടും നിർത്താതെ പോയത് പൊലീസിനെ സംശയത്തിലാക്കി. തുടർന്ന്, കാറിന്റെ ഡ്രൈവർ സീറ്റിന്റെ പിന്നിൽനിന്ന് 20 ഗ്രാമോളം എം.ഡി.എം.എയും കാറിന്റെ ഡിക്കിയിലെ സ്റ്റപ്പിനി ടയറിന് അടിവശത്തായി രഹസ്യ അറയുണ്ടാക്കി അതിൽ 1.633 കിലോഗ്രാം കഞ്ചാവും സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഇയാളുടെ ഫോണും ബാങ്ക് അക്കൗണ്ടും പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാളിൽ നിന്ന് മറ്റു ലഹരി വിൽപനക്കാരുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്.