17കാരിയെ പീഡിപ്പിക്കാൻ ശ്രമം: മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

Wednesday 25 February 2026 2:16 AM IST

കണ്ണൂർ: 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മോട്ടിവേഷൻ സ്പീക്കറും ഹയർസെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പലുമായിരുന്ന ആൾ അറസ്റ്റിൽ. മുഴക്കുന്ന് എടത്തൊട്ടി സ്വദേശി കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് പിടികൂടിയത്. കൗൺസിലിംഗിനെത്തിയ 17 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. പ്രിൻസിപ്പലായി വിരമിച്ച ശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സംസ്ഥാന ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു.

വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്ക്കരണ ക്ലാസുകളും ഇയാൾ എടുത്തിരുന്നു. ഇയാൾക്കെതിരെ മുൻപും ഇത്തരം പരാതികൾ ഉയർന്നതായും ആരോപണമുണ്ട്. സമൂഹമാദ്ധ്യമങ്ങിളൂടെയും സ്ഥിരമായി മോട്ടിവേഷൻ വീഡിയോകൾ ചെയ്തിരുന്നു. സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ലൈഫ് സ്‌കിൽ ട്രെയിനർ എന്നി നിലകളിലെല്ലാം പ്രവർത്തിച്ചിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.