മനുഷ്യരല്ല റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതെല്ലാം യന്ത്രങ്ങൾ, പുത്തൻ പരീക്ഷണം നടത്തി യുക്രെയ്‌ൻ
കീവ്: ഓരോ സംഘർഷത്തിലും വിവിധ രാജ്യങ്ങൾ പലതരം യുദ്ധതന്ത്രങ്ങൾ പരീക്ഷിക്കാറുണ്ട്. ഇത്തരത്തിൽ യുക്രെയിൻ റഷ്യയ്‌ക്കെതിരെ നടത്തിയത് ഭാവിയിലെ യുദ്ധതന്ത്രമാണെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മുൻനിരയിലെ കാലാൾപ്പടയ്‌ക്ക് പകരം മെഷീനുകളെയാണ് യുക്രെയിൻ ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവ നിയന്ത്രിക്കുന്ന സംഘങ്ങളുമുണ്ടാകും. 3.7 കോടി ജനങ്ങളുള്ള യുക്രെയിനിൽ സൈനിക സേവനത്തിന് ജനങ്ങളെ കിട്ടാൻ വലിയ പ്രയാസം നേരിടുകയാണ്. വിവിധ ബ്രിഗേഡുകളിൽ പകുതിയോ അതിൽ താഴെയുമോ മാത്രമേ ആളുകളുള്ളൂ. 43 മുതൽ 45 വരെയാണ് മുൻനിര സൈനികരുടെ ശരാശരി പ്രായം. ഗ്രൗണ്ട് റോബോട്ടുകൾ, സെൻസർ നെറ്റ്‌വർക്കുകൾ, ഡ്രോണുകൾ, ആർട്ടിലറി എന്നിങ്ങനെ മെഷീനുകളാണ് ഇപ്പോൾ യുക്രെയിൻ മുൻനിരയിൽ ഉപയോഗിക്കുന്നത്.
അതേസമയം മറുവശത്ത് റഷ്യ മെഷീൻ യുദ്ധതന്ത്രത്തിലേക്ക് പൂർണമായി തിരിഞ്ഞിട്ടില്ല. ഓരോ മാസവും 30,000 മുതൽ 45000 വരെ സൈനികരെയാണ് പുതിയതായി റഷ്യ റിക്രൂട്ട് ചെയ്യുന്നത്. പൂർണമായും മെഷീൻ യുദ്ധരീതിയിലേക്ക് റഷ്യ മാറുക അതിനാൽ ഉണ്ടാകില്ല. എന്നാൽ യുക്രെയ്‌ൻ സജ്ജമാക്കി അയക്കുന്ന ഡ്രോണുകളുടെ കൂട്ടത്തെ തകർക്കാനും അവയുടെ സിഗ്നൽ തടയാനും ഇലക്‌ട്രോണിക് വാർഫെയർ സംവിധാനത്തിന്റെ ശക്തമായ നിര റഷ്യ അയച്ചിട്ടുണ്ട്. ഹൈബ്രിഡ് യുദ്ധരീതിയാണ് റഷ്യ പ്രയോഗിക്കുന്നത്. ഇതിൽ പരമ്പരാഗത ട്രെഞ്ച് യുദ്ധസംവിധാനവും കാമികാസെ ഡ്രോണുകൾ, ബാലിസ്റ്റിക് മിസൈൽ എന്നിവയൊക്കെയുണ്ടാകും.
ഇലക്‌ട്രോണിക് യുദ്ധതന്ത്രത്തിൽ ആൾനാശം കുറയ്‌ക്കാൻ യുക്രെയിന് കഴിയുന്നുണ്ട്. എന്നാൽ ശക്തമായ ശൈത്യത്തിൽ തങ്ങളുടെ ഡ്രോണിലെ ബാറ്ററികൾ തകരുന്നതും ക്യാമറയിൽ മഞ്ഞുമൂടുന്നതും പരിഹരിക്കാൻ അവർ ഏറെ പണിപ്പെടുന്നുണ്ട്. നാല് വർഷമായി തുടരുന്ന യുദ്ധം ഇനിയും അന്ത്യം കാണുന്നില്ലാത്തതിനാൽ യുക്രെയിന്റെ അടുത്ത തന്ത്രമെന്തെന്ന് അറിയേണ്ടതുണ്ട്.