'കേരള സ്റ്റോറി 2'; 'പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ല', നിലപാടിലുറച്ച് നിർമ്മാതാവ്

Wednesday 25 February 2026 5:45 PM IST

കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ ബോർഡിനാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി അധികാരം പ്രയോഗിക്കുന്നത് ശരിയല്ലെന്നും നിർമാതാവ് വാദിച്ചു.

കേരളം ഉൾപ്പടെയുള്ള മൂന്ന് സംസ്ഥാനങ്ങളുടെ കഥയാണ് ചിത്രത്തിൽ പറയുന്നതെന്ന് അറിയിച്ച നിർമ്മാതാവ് പേരു മാറ്റാൻ കഴിയില്ലെന്ന വാദത്തിൽ ഉറച്ച് നിന്നു. ടീസർ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്‌ത്രീകളെയാണ് കാണിക്കുന്നതെന്നും വിവിധ സംസ്ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറിൽ കാണിക്കുന്നതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു. ടൈറ്റിലിലെ 'ഗോസ് ബിയോണ്ട്' അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നതല്ലെന്നും നിർമാതാവ് പറഞ്ഞു.

എല്ലാ സെൻസർ ബോർഡ് നടപടികളും പൂർത്തിയാക്കിയ ശേഷമാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. രണ്ട് മിനിറ്റ് ടീസർ കൊണ്ട് മുഴുവൻ ചിത്രത്തെയും വിലയിരുത്താനാകില്ല. ചിത്രത്തിന്റെ റിലീസ് തടയാനുള്ള ഹർജി വൈകിയാണ് ഫയൽ ചെയ്‌തത്. ടീസർ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്‌മൂലത്തിൽ പറയുന്നു.

സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 'കേരള സ്റ്റോറി 2' കാണാനുള്ള കാരണം കേരള സ്റ്റോറി എന്ന പേരാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു.

'മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.