വേൾഡ് മലയാളി കൗൺസിൽ സ്കോളർഷിപ്പ് നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 നഴ്സിംഗ് വിദ്യാർത്ഥികൾ. അവർക്ക് പഠനത്തിന് ഒരു കൈത്താങ്ങായി ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പ്. വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ള്യൂ .എം.സി) ആഭിമുഖ്യത്തിൽ
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങ് സംഘാടന മികവിനാലും നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകിയ പ്രോത്സാഹനത്താലും ,പങ്കാളിത്തത്താലും ശ്രദ്ധേയമായി.
മുൻ ഫൊക്കാന പ്രസിഡന്റും ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ ആഗോള പ്രസിഡന്റുമായ ഡോ.ബാബു സ്റ്റീഫനാണ് 25 നഴ്സിംഗ് വിദ്യാർത്ഥികൾക്കായി ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയത്. സമ്മേളനം മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ജോൺ ബ്രിട്ടാസ് എം.പി, എം.എൽ.എ മാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ.പ്രശാന്ത്, കെ.ഉബൈദുള്ള, ഡോ.എം.വി.പിള്ള, നോർക്കാ സി.ഇ.ഓ അജിത് കൊളാശേരി, ഡബ്ള്യൂ .എം.സി ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ളോബൽ ജനറൽ സെക്രട്ടറി ഷാജി മാത്യു, ജെയിംസ് കൂടൽ, പോൾ കറുകപ്പള്ളിൽ, വിജയചന്ദ്രൻ, തങ്കമണി ദിവാകരൻ, ടി.പി.വിജയൻ, പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നഴ്സുമാർ ഇന്ത്യയുടെ അംബാസഡർമാരാണെന്നും അവർ അന്യരാജ്യത്ത് ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കുക മാത്രമല്ല മാതൃരാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ഡോ.ബാബു സ്റ്റീഫൻ പറഞ്ഞു. സംസ്ഥാനത്ത് തുടർന്ന് ഡബ്ള്യൂ .എം.സി നടത്തുന്ന പരിപാടികളിൽ 75 പേർക്കു കൂടി നഴ്സിംഗ് സ്കോളർഷിപ്പ് നൽകുമെന്ന് ഷാജി മാത്യു അറിയിച്ചു.