ചുട്ടുപൊള്ളി പഴംവിപണി
കോട്ടയം : കത്തുന്ന ചൂടല്ലേ, ശരീരമൊന്ന് തണുപ്പിക്കാൻ പഴങ്ങൾ തന്നെ വേണം. പക്ഷെ, വില കേട്ടാൽ പൊള്ളും. പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണി കീഴടക്കുകയാണ്. നോമ്പ് കാലം ആരംഭിച്ചതോടെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ആവശ്യക്കാർ കൂടുതലുള്ളത് ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാമ്പഴം, തണ്ണിമത്തൻ എന്നിവയ്ക്കാണ്. ഒരു കിലോ ആപ്പിളിന് 280 മുതൽ 380 രൂപ വരെയാണ് വില. മറ്റ് പഴങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. താരതമ്യേന കുറഞ്ഞ വിലയിലുള്ളത് തണ്ണിമത്തനാണ്. കിലോയ്ക്ക് 30 - 35 രൂപ വരെ. ഇന്ത്യൻ ആപ്പിൾ ലഭ്യത കുറവായതിനാൽ കൂടുതലായി എത്തുന്നത് ഇറാൻ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത് ബംഗളൂരു, മൈസൂർ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പൂനെ മുംബയ് എന്നിവടങ്ങളിൽ നിന്നാണ്. ഇവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൃഷിയെ ബാധിച്ചതും വില വർദ്ധനവിന് കാരണമായി.
കിട്ടുന്നതെന്തും വാങ്ങിക്കുടിക്കല്ലേ
വഴിയോരങ്ങളിൽ ശീതളപാനീയ കടകളും കൂണുപോലെ മുളയ്ക്കുകയാണ്. തണ്ണിമത്തൻ ജ്യൂസ്, കുലുക്കി സർബത്ത് കടകളാണ് അധികവും. എന്നാൽ എല്ലാ കടകളും പ്രവർത്തിക്കുന്നത് വൃത്തിയായ സാഹചര്യങ്ങളിലല്ല. കരിക്ക്, കരിമ്പ് ജ്യൂസ് എന്നിവയ്ക്കും ഡിമാൻഡ് വർദ്ധിച്ചു. ഒരു ഗ്ലാസ് തണ്ണിമത്തൻ ജ്യൂസിന് ഈടാക്കുന്നത് 30 മുതൽ 35 രൂപവരെയാണ്. വഴിയോരങ്ങളിലെ ജ്യൂസ് വില്പന കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന പഴങ്ങൾ നിലവാരം കുറഞ്ഞവയാണെന്നും പരാതിയുണ്ട്. ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഇത്തരം കടകളിൽ ഉപയോഗിക്കുന്നതെന്നും ആക്ഷപമുണ്ട്.
വിപണി വില
ആപ്പിൾ : 280 - 360
മുന്തിരി : 90 - 210
ഓറഞ്ച് : 100 - 120
മുസംബി : 70 - 90
മാമ്പഴം : 130 - 270
പൈനാപ്പിൾ : 80
നേന്ത്രപ്പഴം : 50
പേരയ്ക്ക : 140
പാഷൻ ഫ്രൂട്ട് : 160
കിവി : 110 - 140
''വേനൽ കടുത്തതോടെ ആവശ്യക്കാർ ഏറ്റവും കൂടുതലുള്ള തണ്ണിമത്തന് ഉൾപ്പെടെ ഇനിയും വില ഉയരാൻ സാദ്ധ്യതയേറെയാണ്.
-(വ്യാപാരികൾ)