എം.ജി ഇൻഡോർ സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനം ഇന്ന്

Thursday 26 February 2026 1:11 AM IST

കോട്ടയം : എം.ജി. സൂസൺ മേബിൾ ഇൻഡോർ സ്റ്റേഡിയം ആൻഡ് സ്‌പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ ഇന്ന് നിർവഹിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് സർവകലാശാലാ അസംബ്ലി ഹാളിൽ ചേരുന്ന ചടങ്ങിൽ വൈസ് ചാൻസലർ സി.ടി. അരവിന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനവും സർവകലാശാലയിലെ നാലു വർഷ ബിരുദ വിദ്യാർത്ഥികൾക്ക് കോട്ടയം അക്ഷര മ്യൂസിയവുമായി സഹകരിച്ച് ഇന്റേൺഷിപ്പിന് സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ധാരണാപത്രം ഒപ്പുവയ്ക്കലും ഇതോടനുബന്ധിച്ച് നടക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ, അഡ്വ. റെജി സക്കറിയ, സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ബൈജു വർഗീസ് ഗുരുക്കൾ, സർവകലാശാലാ രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഡയറക്ടർ ഡോ. കെ. ജയചന്ദ്രൻ എന്നിവർ സംസാരിക്കും.

കായിക മുന്നേറ്റത്തിന് ഊർജ്ജം

കിഫ്ബി വഴി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയവും സ്‌പോർട്സ് കോംപ്ലക്സും സജ്ജീകരിക്കുന്നതിന് 47.81 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ത്രോ ഇനങ്ങളിലും വോളിബാളിലും മികവ് തെളിയിച്ച മുൻകാല കായിക താരമായിരുന്ന സൂസൺ മേബിളിന്റെ പേരാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്നത്. രാജ്യാന്തര തലത്തിൽ ഉൾപ്പെടെ നിരവധി കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള മഹാത്മാഗാന്ധി സർവകലാശാലയുടെയും , ജില്ലയുടെയും കായിക മുന്നേറ്റത്തിന് ഊർജ്ജം പകരുന്ന പദ്ധതിയാണിത്.