ഇന്ന് വീണാ ജോർജ്,​ അന്ന് ഉമ്മൻചാണ്ടി

Wednesday 25 February 2026 11:00 PM IST

കണ്ണൂർ: ഇന്നലെ മന്ത്രി വീണാജോർജിന് നേരെ നടന്ന അക്രമം സംബന്ധിച്ച വാർത്തകൾക്കൊപ്പം വീണ്ടും നിറഞ്ഞത് കണ്ണൂരിൽ വച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കല്ലേറേറ്റ സംഭവം. 2013 ഒക്ടോബർ 27ന് ചുരുക്കം വാഹനങ്ങളുടെ മാത്രം അകമ്പടിയോടെ കണ്ണൂരിൽ പോലീസ് കായിക മേളയുടെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെയാണ് സോളാർ സമരപരമ്പരയുടെ തുടർച്ചയായി സി.പി.എം. പ്രവർത്തകർ കല്ലെറിഞ്ഞത്.

ഡി.ജിപിയും എ.ഡി.ജി.പിമാരും നൂറു കണക്കിനു പൊലീസുകാരും തൊട്ടടുത്തുണ്ടായിരിക്കെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടത് വൻ സുരക്ഷാ വീഴ്ചയായിരുന്നു.നെറ്റിയിൽ മുറിവേറ്റ ഉമ്മൻചാണ്ടി പ്രഥമ ശുശ്രൂഷയ്ക്കു പോലും നിൽക്കാതെയാണ് സംസ്ഥാന പോലീസ് കായിക മേള ഉദ്ഘാടനം ചെയ്തത്. കണ്ണിനു മുകളിലായാണ് മുഖ്യമന്ത്രിക്ക് അന്ന് മുറിവേറ്റത്. നെഞ്ചിലും പരുക്കുണ്ടായിരുന്നു. മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനു ക്ലിഫ് ഹൗസിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ ഉമ്മൻചാണ്ടി ഷർട്ട് നെഞ്ചിലെ പരിക്ക് തുറന്നുകാട്ടിയത്.സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും കെ. സുധാകരനുമായി സംസാരിച്ച് മുഖ്യമന്ത്രി തന്നെ അതു ഒഴിവാക്കുകയായിരുന്നു.