കുളിക്കവേ കുളത്തിൽ മുങ്ങി പത്താം ക്ളാസുകാരൻ മരിച്ചു
കുന്നത്തൂർ: മുതുപിലാക്കാട് അശ്വതി ജംഗ്ഷന് സമീപത്തെ കണ്ണാടി കുളത്തിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു. ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് കാട്ടൂർ കിഴക്കതിൽ സോമന്റെയും ലതികയുടെയും മകൻ സുധി സോമനാണ് (15) മരിച്ചത്. പോരുവഴി ഗവ. എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ 9.30 ന് ഭരണിക്കാവിലെ ട്യൂഷൻ സ്ഥാപനത്തിൽ ക്ലാസ് കഴിഞ്ഞ് മടങ്ങിയ സുധി മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം കണ്ണാടി കുളത്തിലെത്തി. കുളത്തിലേക്ക് ഇറങ്ങിയ സുധി മുങ്ങിത്താഴുന്നത് കണ്ട് കൂടെയെത്തിയവർ നിലവിളിച്ചു. സമീപ വാസികളായ ചിലർ ചേർന്ന് സുധിയെ കരയ്ക്കെത്തിച്ചു. ശാസ്താംകോട്ട ഫയർഫോഴ്സും എത്തി. ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10 ന് പോരുവഴി ഗവ. എച്ച്എസ്എസിൽ പൊതുദർശനത്തിന് ശേഷം വിട്ടു വളപ്പിൽ സംസ്കരിക്കും. സഹോദരൻ: സേതു സോമൻ