വയറ്റിൽ കത്രിക മറന്നുവച്ച സംഭവം: മെഡിക്കൽ ബോർഡ് രൂപീകരണം വൈകുന്നു

Wednesday 25 February 2026 11:51 PM IST

ആലപ്പുഴ: ശസ്ത്രക്രിയക്കിടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ പൊലീസ് നിർദേശപ്രകാരമുള്ള മെഡിക്കൽ ബോർഡ് രൂപീകരണം വൈകുന്നു. ഴ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ഗവ പ്ളീഡറും ഫോറൻസിക് വിദഗ്ദരും സ്ഥിരം അംഗങ്ങളായുള്ള ബോർഡിൽ ബന്ധപ്പെട്ട മറ്റ് വിദഗ്ദ ഡോക്ടർമാരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളിലാണ് കാലതാമസം.

ജില്ലയ്ക്ക് പുറത്തുള്ള സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരാണ് ബോ‌ർഡിലുൾപ്പെടേണ്ടത്. മെഡിക്കൽ കോളേജുകൾ ആരോഗ്യവിദ്യാഭ്യാസ വകുപ്പിന് കീഴിലായതിനാൽ പാരിപ്പള്ളി, കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ദരെ ബോ‌ർഡിലുൾപ്പെടുത്താൻ ആരോഗ്യവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അനുമതി വേണം. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയെങ്കിലും ബന്ധപ്പെട്ട മെഡിക്കൽ കോളേജുകളിൽ നിന്ന് ആവശ്യമായത്ര വിദഗ്ദ ഡോക്ടർമാരുടെപട്ടിക ലഭ്യമായിട്ടില്ല. ശസ്ത്രക്രിയയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും വീഴ്ചയാണ് വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്‌സ്) മറന്നുവയ്ക്കാൻ ഇടയാക്കിയതെന്നിരിക്കെ സഹപ്രവർത്തകരായ ഡോക്ടർമാരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടാൻ മെഡിക്കൽ വിദഗ്ദർ എത്രമാത്രം തയ്യാറായി രംഗത്തുവരുമെന്നതും കണ്ടറിയേണ്ട തുണ്ട്. അഞ്ചുവർഷം മുമ്പുണ്ടായ പിഴവിനിരയായ ഉഷാ ജോസഫ് കത്രിക വയറ്റിനുള്ളിൽ കുടുങ്ങിയത് കണ്ടുപിടിക്കുംവരെ നേരിട്ട ആരോഗ്യ പ്രശ്നങ്ങൾ അതീവ ഗൗരവമേറിയ വിഷയമാണ്. ശസ്ത്രക്രിയയിൽ പങ്കെടുത്ത ഡോക്ടർമാരുടെയും ചുമതല വഹിച്ച നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും വീഴ്ചയാണ് ഇത്തരമൊരുസംഭവത്തിനിടയാക്കിയത്. സംഭവത്തിൽ അന്ന് ഗൈനക്കോളജി വിഭാഗത്തിന്റെ ഹെഡായിരുന്ന ഡോ. ലളിതാംബികയയെയാണ് ഉഷാജോസഫിന്റെപരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിചേർത്തത്. എന്നാൽ ശസ്ത്രക്രിയയിലോ ശസ്ത്രക്രിയാനന്തര ചികിത്സയിലോ ലളിതാംബികയ്ക്ക് നേരിട്ട് ബന്ധമുള്ളതായി കേസ് ഷീറ്റിലോ ഡിസ്ചാർജ് സമ്മറിയിലോ തെളിവില്ല. മെഡിക്കൽ ബോ‌ർഡ് രൂപീകരണം വൈകുന്നത് പൊലീസിന്റെ അന്വേഷണത്തിലും കാലതാമസത്തിനിടയാക്കും.