ഓയൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് അതിക്രമം: കാറും പിക്കപ്പും അടിച്ചുതകർത്തു

Thursday 26 February 2026 12:59 AM IST

ഓയൂർ: വാളിയോട് വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പട്ടാപ്പകൽ കമ്പി വടി ഉപയോഗിച്ച് അടിച്ചുതകർത്തു. വാളിയോട് കിളിക്കോട് അനീഷ് ഭവനിൽ അനീഷിന്റെ ഉടമസ്ഥതയിലുള്ള കാറും പിക്കപ്പ് വാനുമാണ് തകർത്തത്. സംഭവത്തിൽ വാളിയോട് പള്ളിയ്ക്ക് സമീപം താമസിക്കുന്ന ആറ്റുവാരം ജോർജ് എന്നയാൾക്കെതിരെ ഉടമ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച പകൽ 11 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് അതിക്രമിച്ചു കയറിയ പ്രതി കൈയ്യിലുണ്ടായിരുന്ന കമ്പി വടി ഉപയോഗിച്ച് ഇരു വാഹനങ്ങളുടെയും മുൻവശത്തെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. മുൻപും അനീഷിന്റെ ബൈക്ക് ഇടിച്ച് തകർത്തതുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ പൂയപ്പള്ളി പൊലീസിൽ പരാതി നിലവിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.