വിവിധ കേന്ദ്രങ്ങളിൽ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ: കെ.എസ്.യു ,യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. പെരിങ്ങോം താലൂക്ക് ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ, പെരിങ്ങോം അങ്ങാടിയിൽ വച്ച് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാലിനെ സി.പി.എം പ്രവർത്തകർ പൊലീസ് നാേക്കിനിൽക്കേ മർദിച്ചു. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞ് റോഡ് ഉപരോധിച്ചു. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് മന്ത്രി റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. ആരോഗ്യമേഖലയിലെ മാറ്റത്തിന്റെ പേരിലാണ് കരിങ്കൊടിയെങ്കിൽ അത് പൂമാലയായി സ്വീകരിക്കുന്നുവെന്നാണ് വീണാ ജോർജിന്റെ പ്രതികരണം.
വൻ സുരക്ഷാ വീഴ്ച
ജില്ലയിലുടനീളം കരിങ്കൊടി പ്രതിഷേധം നടന്നിട്ടും റെയിൽവേ സ്‌റ്റേഷനുളളിൽ പ്രതിഷേധക്കാർ നേരത്തെ എത്തി തമ്പടിച്ചത് തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞില്ല.സ്‌റ്റേഷന് പുറത്ത് പ്രതിഷേധിക്കാനെത്തിയ യുവമോർച്ച പ്രവർത്തകരെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
കണ്ണൂർ ഡി.സി.സി ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച്
ഡി.സി.സി. ഓഫീസിലേക്ക് എസ്.എഫ്.ഐ. നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതൊടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കല്ലേറിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. നഗരത്തിൽ പ്രകടനം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് സ്‌റ്റേഷന് മുന്നിൽ കെ.എസ്.യുവിനെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. തുടർന്നാണ് പ്രവർത്തകർ പ്രതിഷേധവുമായി ഡി.സി.സി ഓഫീസിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത്, പൊലീസ് പ്രവർത്തകരെ തടയുന്നതിനിടെ കോൺഗ്രസ് പ്രവർത്തകരും പ്രകോപനവുമായി രംഗത്തെത്തി. തുടർന്ന് പരസ്പരം കല്ലെറിയുകയായിരുന്നു. പൊലീസ് ഏറെ പാടുപെട്ടാണ് ഇരുപക്ഷത്തെയും സ്ഥലത്തു നിന്നും നീക്കിയത്. എസ്.എഫ്.ഐ പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് ടി.പി അഖില, ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ, കെ. നിവേദ്, ജോയൽ തോമസ്, സനന്ദ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ഡി.സി.സി ഓഫീസിനു നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.