സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാൻ ലീഗ്

Thursday 26 February 2026 2:19 AM IST

മലപ്പുറം: പതിനഞ്ച് സിറ്റിംഗ് എം.എൽ.എമാരിൽ 11 പേരെയും മത്സരിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യം. മൂന്ന് തവണയോ അതിലധികമോ തവണ എം.എൽ.എമാരായ എട്ടു പേരിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കും എം.കെ.മുനീറിനും ഒഴികെ മറ്റാർക്കും ഇളവ് നൽകരുതെന്നാണ് ആവശ്യം. ആരോഗ്യ സ്ഥിതി പരിഗണിച്ച് മുനീർ മാറിനിൽക്കണമെന്ന അഭിപ്രായവുമുണ്ട്.

അഞ്ച് സിറ്റിംഗ് സീറ്റുകളിൽ പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന ആവശ്യവുമായി മണ്ഡലം നേതാക്കൾ പാണക്കാട് സാദിഖലി തങ്ങളെ കണ്ടു. മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് സീറ്റുകൾ നൽകിയപ്പോൾ രണ്ടിലും വിജയിച്ചതിനാൽ ഇത്തവണ വിജയ സാദ്ധ്യതയുള്ള ആറ് സീറ്റുകൾ വേണമെന്നാണ് ആവശ്യം. വനിതാ ലീഗ് ഉറച്ച രണ്ട് സീറ്റുകളും എം.എസ്.എഫും കെ.എം.സി.സിയും ഓരോ സീറ്റും ആവശ്യപ്പെടുന്നു. വിജയ സാദ്ധ്യത കൂടി പരിഗണിച്ചാണ് എം.എൽ.എമാരെ വീണ്ടും മത്സരിപ്പിക്കുന്നതെന്നാണ് നേതൃത്വത്തിന്റെ നിലപാട്. 27 സീറ്റുകൾ ലീഗിന് നൽകാനാണ് യു.ഡി.എഫിലെ ധാരണ.

പരാതിയും

പൊട്ടിത്തെറിയും

കൊടുവള്ളിയിൽ എം.കെ.മുനീറാണ് സിറ്റിംഗ് എം.എൽ.എ. കെ.എം.ഷാജി, പി.കെ.ഫിറോസ് എന്നിവരെയാണ് നേതൃത്വം പരിഗണിക്കുന്നത്. ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, സെക്രട്ടറി പി.മജീദ്, മുൻ എം.എൽ.എ വി.എം.ഉമ്മർ എന്നിവരെ പരിഗണിക്കണമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആവശ്യം. കുന്ദമംഗലത്തേക്ക് യു.സി.രാമൻ, ഫാത്തിമ തഹ്ലിയ,​ പി.കെ.ഷറഫുദ്ദീൻ എന്നിവരെ പരിഗണിക്കപ്പെടുമ്പോൾ ,പ്രാദേശിക നേതാവ് പി.കെ.ഷറഫുദ്ദീനൊപ്പമാണ് മണ്ഡലം കമ്മിറ്റി.കളമശ്ശേരിയിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.അബ്ദുൽ ഗഫൂർ പ്രചാരണവുമായി രംഗത്തെത്തിയതിലെ അസ്വാരസ്യങ്ങൾ തീർ‌ന്നിട്ടില്ല. അഡ്വ.മുഹമ്മദ്ഷായും ടി.എ.അഹമ്മദ് കബീറും സീറ്റിന് രംഗത്തുണ്ട്. മുൻ മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞിന്റെ മകൻ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ പരാതി നൽകിയെങ്കിലും നേതൃത്വം ഗൗനിച്ചിട്ടില്ല.