ഉയരപ്പാതയ്ക്ക് താഴെ വെള്ളക്കെട്ട് : നാട്ടുകാരെ കാണാതെ ഉദ്യോഗസ്ഥർ

Thursday 26 February 2026 12:23 AM IST

അരൂർ: ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെ നിർമ്മാണത്തിലിരിക്കുന്ന ഉയരപ്പാതയ്ക്ക് താഴെ മഴക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങൾ പരിശോധിക്കാൻ എത്തിയ ഉദ്യോഗസ്ഥ സംഘം ജനപ്രതിനിധികളെയും പഞ്ചായത്ത് നേതൃത്വത്തെയും കാണാതെ മടങ്ങിയെന്നാരോപണം. സംഭവത്തി​ൽ അരൂർ ഗ്രാമപഞ്ചായത്ത് ഭരണസമി​തി​ പ്രതിഷേധി​ച്ചു.

കളക്ടറേറ്റ്, ദേശീയപാത ഓഫീസ്, നിർമാണ കമ്പനി, ജല അതോറിറ്റി, റവന്യൂ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം അരൂരിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. സംഘം എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗങ്ങളും രാവിലെ മുതൽ ഓഫീസിൽ കാത്തിരുന്നെങ്കിലും ഉദ്യോഗസ്ഥർ ഇവരെ ആരെയും കാണാതെ മടങ്ങിയെന്നാണ് പരാതി.

പഞ്ചായത്ത് പ്രദേശങ്ങളിൽ എവിടെയൊക്കെയാണ് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയെന്ന് നാട്ടുകാർക്കും ജനപ്രതിനിധികൾക്കും വ്യക്തമായ അറിവുണ്ടെന്നിരിക്കെ എന്ത് മാനദണ്ഡത്തിലാണ് സർവേ നടത്തിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. പുഷ്പൻ ചോദിച്ചു. പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്താതെയുള്ള പഠനം അപൂർണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒറ്റ മഴയി​ൽ മുങ്ങി​

മഴക്കാലത്ത് ഉയരപ്പാതയിൽ പതിക്കുന്ന വെള്ളം തൂണുകളിലൂടെ സ്ഥാപിച്ച പൈപ്പുകൾ വഴി പാതയോരത്തെ ഇരുവശങ്ങളിലും നിർമ്മിച്ചിരിക്കുന്ന കാനകളിലേക്കാണ് ഒഴുക്കുന്നത്. ഇവ കായലുകളിലേക്കും പ്രധാന കനാലുകളിലേക്കും ബന്ധിപ്പിക്കുമെന്നായിരുന്നു പദ്ധതി. എന്നാൽ ഇതുവരെ അതിന് നടപടി ഉണ്ടായിട്ടില്ലെന്നാണ് പഞ്ചായത്തി​ന്റെ ആരോപണം. ഇതുമൂലം കാനകളിൽ വെള്ളം കെട്ടിക്കിടക്കുകയും സമീപ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.പ്രശ്നങ്ങൾ വിശദീകരിച്ച് ജില്ലാ കലക്ടർക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രധാന ഇടങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ ചെറിയ മഴയിൽ തന്നെ അരൂർ ക്ഷേത്രം കവലയിൽ നിന്ന് അരൂക്കുറ്റി ഫെറി റോഡ് ആരംഭിക്കുന്ന ഭാഗത്ത് വരെ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. മുൻപ് ഇവിടെ പ്രശ്നപരിഹാരത്തിനായി ഗതാഗതം നിയന്ത്രിച്ച് ദിവസങ്ങളോളം നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും സ്ഥിരപരിഹാരം ലഭിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ ഭാഗത്ത് റോഡ് തകർന്ന നിലയിലാണ്.

അരൂർ തെക്ക് പെട്രോൾ പമ്പിന് എതിർവശത്ത് നിന്ന് വടക്കേരി റോഡ് തുടങ്ങുന്ന ഭാഗത്തും വെള്ളക്കെട്ടുണ്ട്.