പ്രയാഗ്‌രാജ് യാത്രാ ഒരുക്കം, ബി.എസ്.എൻ.എൽ ഡയറക്‌ടർക്കെതിരെ നടപടി
ന്യൂഡൽഹി: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സന്ദർശനത്തിന് മുന്നോടിയായി തയ്യാറാക്കേണ്ട സാധനങ്ങളുടെ പട്ടിക അടങ്ങിയ ഉത്തരവ് വിവാദമായതോടെ ബി.എസ്.എൻ.എൽ ഡയറക്ടർ വിവേക് ബൻസലിനെതിരെ കേന്ദ്ര സർക്കാർ നടപടി. ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നിർദ്ദേശ പ്രകാരം യാത്ര റദ്ദാക്കി ബൻസലിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഫെബ്രുവരി 25,26 തീയതികളിൽ നിശ്ചയിച്ച പ്രയാഗ്‌രാജ് യാത്രയ്‌ക്ക് മുന്നോടിയായി ജൂനിയർ ടെക്‌നിക്കൽ ഓഫീസർമാർ,എൻജിനിയർമാർ മുതൽ സബ്-ഡിവിഷണൽ,ഡിവിഷണൽ എൻജിനിയർമാർ വരെയുള്ള ഏകദേശം 50 ഉദ്യോഗസ്ഥർക്ക് വിവിധ ജോലികൾ നിശ്ചയിച്ച് വിവേക് ബൻസൽ ഇറക്കിയ ഉത്തരവ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രയാഗ്‌രാജിലെ സംഗമത്തിൽ കുളി,ബോട്ട് സവാരി,വിവിധ ക്ഷേത്രങ്ങൾ സന്ദർശനം എന്നിവയാണ് ബൻസൽ നിശ്ചയിച്ചിരുന്നത്. ഇതിനായി ഉദ്യോഗസ്ഥർ തയ്യാറാക്കേണ്ട സാധനങ്ങളുടെ വിശദമായ പട്ടിക ഉത്തരവിലുണ്ട്. സംഗമത്തിലെ കുളിക്കടവടവിൽ അടിവസ്ത്രം,ചെരുപ്പ്,ചീപ്പ്,കണ്ണാടി,എണ്ണ,ബെഡ്ഷീറ്റ്. ഹോട്ടലിലും സർക്യൂട്ട് ഹൗസിലും,ബൻസലിന് കഴിക്കാൻ ഡ്രൈ ഫ്രൂട്ട്,പഴങ്ങൾ. കൂടാതെ താമസ സ്ഥലത്ത് ഷേവിംഗ് കിറ്റ്,ടവൽ,ടൂത്ത് പേസ്റ്റ്,ബ്രഷ്,സോപ്പ്,ഷാംപൂ,ചീപ്പ്,എണ്ണ തുടങ്ങിയ സാധനങ്ങൾ വേറെയും.
ബൻസലിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പ്രയാഗ്രാജിലെ ബി.എസ്.എൻ.എൽ പി.ജി.എം.ടി (ബിസിനസ് ഏരിയ) ബ്രിജേന്ദ്ര കുമാർ സിംഗിനെയും ഡി.എം ജഗേശ്വർ വർമ്മയെയും സ്ഥലംമാറ്റി.
ഉന്നത ഉദ്യോഗസ്ഥരുടെ യാത്രകളിൽ പാലിക്കേണ്ട ചട്ടങ്ങൾക്ക് വിരുദ്ധമാണ് ബൻസലിന്റെ ഉത്തരവെന്ന് ബി.എസ്.എൻ.എൽ വ്യക്തമാക്കി. 1987 ബാച്ച് ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസ് ഓഫീസറാണ് ബൻസൽ.
ഉത്തരവ് അനുചിതവും അസ്വീകാര്യവും ഞെട്ടിക്കുന്നതുമാണ്. 21-ാം നൂറ്റാണ്ടിൽ ഇത്തരമൊരു പ്രവൃത്തി അംഗീകരിക്കാൻ കഴിയില്ല. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കും.
-ജ്യോതിരാദിത്യ സിന്ധ്യ
ടെലികോം മന്ത്രി