എൽ.ജി.ബി.ടി.ക്യു ആപ്പ് വഴി പരിചയപ്പെട്ട് പണം തട്ടുന്ന സംഘം പിടിയിൽ

Thursday 26 February 2026 1:11 AM IST

മലപ്പുറം: എൽ.ജി.ബി.ടി.ക്യു സോഷ്യൽ മീഡിയ ആപ്പ് വഴി ആളുകളെ പരിചയപ്പെട്ട് ഭീഷണിപ്പെടുത്തി പണം തട്ടുന്ന മൂന്നംഗ സംഘത്തെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കോഡൂർ ഒറ്റത്തറ സ്വദേശി എം.ഫസീൽ (20), കോൽമണ്ണ വടക്കേവീട്ടിൽ മുഹമ്മദ് ഡാനിഷ് (19), പടപ്പറമ്പ് കപ്പോടത്ത് മുനീർ (36) എന്നിവരെയാണ് മലപ്പുറം സ്വദേശിയുടെ പരാതിയിൽ പിടികൂടിയത്.

ആപ്പ് വഴി സൗഹൃദം സ്ഥാപിച്ച മലപ്പുറം സ്വദേശിയെ സംഘത്തിലെ ഒരാൾ കോട്ടക്കുന്നിലെ ആളൊഴിഞ്ഞ ബിൽഡിംഗിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവർ പരസ്പരം സംസാരിക്കുന്നതിനിടെ സംഘത്തിലെ മറ്റുള്ളവർ പുറമെ നിന്നുള്ളവരെന്ന വ്യാജേനയെത്തി അനാശ്യാസത്തിനായി വന്നതാണെന്ന് പറഞ്ഞ് പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പൊലീസിനെയും ബന്ധുക്കളെയും വിളിച്ചു വരുത്തുമെന്ന് പറഞ്ഞ് മൊബൈൽ ഫോണും പേഴ്സും കൈവശപ്പെടുത്തി. തുടർന്ന് കാറിൽ കയറ്റി മലപ്പുറത്തെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിപ്പിച്ച് ഭീഷണിപ്പെടുത്തി കൈക്കലാക്കി. സംഘത്തെ തിരിച്ചറിയാതിരിക്കാൻ പരാതിക്കാരന്റെ മൊബൈലിലുള്ള നമ്പർ ഡിലീറ്റ് ചെയ്തു. നമ്പർ നേരത്തെ സ്‌ക്രീൻഷോട്ട് എടുത്തിരുന്നതിനാൽ ഇതുവഴിയാണ് പൊലീസ് സംഘത്തെ വലയിലാക്കിയത്. പ്രതികൾ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് ഇൻസ്‌പെക്ടർ പ്രിയൻ പറഞ്ഞു. പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. എസ്.ഐ.യാസിർ,​ എ.എസ്.ഐ നിസാർ അരിപ്ര, സി.പി.ഒമാരായ സവാദ്, ശ്രീജിത്ത്, ശ്രീകാന്ത്, മനുദാസ്, രാമചന്ദ്രൻ,​ സുബൈർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.