എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ
ഹരിപ്പാട്: കരുവാറ്റ കന്നുകാലി പാലത്തിന് സമീപം വെച്ച് കാർത്തികപള്ളി മഹാദേവികാട് കാർത്തിക നിവാസിൽ കാർത്തികിനെ (20) എം.ഡി.എം.യുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലിസും ചേർന്ന് പിടികൂടി. ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിയുമായി ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ . കേരളത്തിന് പുറത്ത് നഴ്സിംഗിന് പഠിക്കുന്ന ഇയാൾ നാട്ടിൽ വരുമ്പോൾ അവിടെ നിന്നും 1000 രൂപയക്ക് എം.ഡി.എം.എ വാങ്ങി ഇവിടെ 5000 രൂപയ്ക്കാണ് വിൽപ്പന നടത്തി വന്നിരുന്നത്.
ജില്ലാ പാെലീസ് നാളുകളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കായംകുളം ഡിവൈ.എസ്.പി ബിനുകുമാറിന്റെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ നൗഷാദ്, എ.എസ്.ഐമാരായ ശിഹാബ്, പ്രമോദ് എന്നിവരും നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വലിയകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ഗുണ്ടാ സംഘങ്ങൾ ലഹരി ഉപയോഗിച്ച് ഏറ്റുമുട്ടിയിരുന്നു.