ഇറാൻ ആഗോള ഭീകരതയുടെ സ്‌പോൺസർ: ട്രംപ്

Thursday 26 February 2026 7:02 AM IST

വാഷിംഗ്ടൺ: ഇറാനെ 'ആഗോള ഭീകരതയുടെ ഒന്നാം നമ്പർ സ്‌പോൺസർ" എന്ന് മുദ്രകുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യു.എസ് കോൺഗ്രസിലെ 'സ്റ്റേറ്റ് ഒഫ് ദ യൂണിയൻ" വാർഷിക അഭിസംബോധനയിലാണിത്. ഇറാൻ ഭരണകൂടവും അവരുടെ നിഴൽ സംഘടനകളും (ഹമാസ്,ഹിസ്ബുള്ള,ഹൂതി തുടങ്ങിയവ) ഭീകരത,മരണം,വെറുപ്പ് എന്നിവയല്ലാതെ മറ്റൊന്നും ലോകത്ത് പ്രചരിപ്പിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

ആണവ കരാറിന്റെ പേരിൽ ഇറാനെതിരെ ഭീഷണി ആവർത്തിച്ച ട്രംപ്,നയതന്ത്ര പരിഹാരത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് ചൂണ്ടിക്കാട്ടി. ജനീവയിൽ ഇന്ന് ഒമാന്റെ മദ്ധ്യസ്ഥതയിൽ ഇറാനും യു.എസും തമ്മിലെ നിർണായക ആണവ ചർച്ച നടക്കാനിരിക്കുകയാണ്. ചർച്ച പരാജയപ്പെട്ടാൽ, വ്യോമാക്രമണത്തിലൂടെ ഇറാന് മേൽ സമ്മർദ്ദം ചെലുത്താനാണ് യു.എസ് നീക്കമെന്നാണ് റിപ്പോർട്ട്.

പച്ചക്കള്ളങ്ങൾ:

ഇറാൻ

തങ്ങളുടെ ആണവ, മിസൈൽ പദ്ധതികളെ പറ്റിയും അടുത്തിടെ രാജ്യത്തുണ്ടായ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ കുറിച്ചും ട്രംപ് പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബാഗേയി പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതികരിച്ചു.

'പാക് പ്രധാനമന്ത്രിയുടെ

ജീവൻ രക്ഷിച്ചത് താൻ"

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചെന്ന വാദം ട്രംപ് ആവർത്തിച്ചു. താൻ നടത്തിയ ഇടപെടലാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന്റെ ജീവൻ രക്ഷിച്ചത്. 3.5 കോടി ജനങ്ങൾ മരിക്കുമായിരുന്നെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു. ട്രംപ് ഇടപെട്ടെന്ന വാദങ്ങളെ ഇന്ത്യ നേരത്തെ തള്ളിയിരുന്നു.

അതേസമയം,യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റേറ്റ് ഒഫ് ദ യൂണിയൻ പ്രസംഗമെന്ന റെക്കാഡ് തന്റെ പേരിലാക്കി ട്രംപ്. 108 മിനിറ്റ് നീണ്ട പ്രസംഗം 2000ത്തിൽ ബിൽ ക്ലിന്റൺ നടത്തിയ പ്രസംഗത്തിന്റെ റെക്കാഡാണ് മറികടന്നത്.