വൈറൽ കുരങ്ങിന്റെ മറുവശം, കാണേണ്ടത് പലരും കണ്ടില്ല
ഭൂരിഭാഗം പേരും വൈറൽ കുരങ്ങിനെ അതി വൈകാരിക പ്രീണനത്തിന്റെ ഭാഗമായാണ് കാണുന്നത്. ഈ അതിവൈകാരിക സമീപനം ജീവിതത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് വളർത്തുന്നതിന് തടസമാണ്. ഇര വാദത്തിന്റെ അങ്ങേയറ്റത്തെ ദോഷ വശം കൂടിയാണിത്. വ്യക്തിപരമായി ഉത്തരവാദിത്തം എടുക്കാൻ മടിയും, ജീവിതത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം മറ്റുള്ളവരിൽ ആണെന്നുമുള്ള ഉറച്ച വിശ്വാസം ഉള്ളിൽ ഉള്ളവർക്കും ആയിരിക്കും കൂടുതൽ ഈ വീഡിയോ വിഷമം ഉണ്ടാക്കിയിട്ടുള്ളത്.
കൂടെയുള്ളവർ ഉപേക്ഷിച്ച് ഒറ്റയ്ക്കായ ആ ചെറിയ കുരങ്ങന്റെ മുഖത്തെ ഭയവും ഏകാന്തതയും, പാവയെ മുറുകെ പിടിച്ച് വിറയ്ക്കുന്ന ദൃശ്യങ്ങൾ കണ്ട് പലരും കണ്ണീർ തുടച്ചു, “എന്തൊരു സങ്കടം, ഈ കുഞ്ഞ് മറ്റുള്ളവർ ഇല്ലാതെ എങ്ങനെ ജീവിക്കും” എന്ന് മനസ്സിൽ തോന്നി കരഞ്ഞു. “നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ തന്നെ, സ്നേഹം ഇല്ലാത്തത് എത്ര വേദനയാണ്” എന്ന ചിന്തയോടെ പലരും ആ കുഞ്ഞികുരങ്ങിനോട് അടുപ്പം തോന്നി.
പല ആളുകളും ജീവിക്കുന്നതിന്റെ ഒരു അടിസ്ഥാന ലക്ഷ്യം അവർ സമ്മതിച്ചാലും ഇല്ലേലും വൈകാരിക പ്രീണനം ഉണ്ടാക്കാൻ വേണ്ടിയാണ്. ഇത് ജീവിതത്തെ കുറിച്ചുള്ള നല്ല പ്രായോഗികമായ കാഴ്ചപ്പാടല്ല.
മനുഷ്യരെ സംബന്ധിച്ചടത്തോളം പലതരത്തിലുള്ള കഷ്ടപ്പാടുകളും തിന്മകളും ഒരു ജീവിത യാഥാർഥ്യമാണ്. ജീവിത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ അതിവൈകാരികമായി കണ്ടു സംതൃപ്തി പ്രാപിക്കുന്നതിന് പകരം; സ്വമേധയായി സാഹസികമായി ത്യാഗസമർപ്പണമായി പോരാടി മുകളിലേക്ക് പോകേണ്ടതായിട്ടുണ്ട്. അതുകൊണ്ടു അങ്ങോട്ടുമിങ്ങോട്ടും നോക്കി കുറ്റംപറഞ്ഞും നെടുവീർപ്പിട്ടും സങ്കടപെട്ടും ഇരുന്നാൽ അതിമഹത്തായ ജീവിതം പ്രയോജനരഹിതമായി പോകും.
പ്രശ്നങ്ങളെ പ്രതിരോധിക്കാനുള്ള ഉൾക്കരുത്ത് ഉണ്ടാക്കുന്നതിനു വിഡിയോയിൽ കാണുന്നതുപോലെ കഠിനമേറിയ സാഹചര്യങ്ങൾ നമ്മുടെ കുട്ടികൾ ശരിയരീതിയിൽ നേരിടേണ്ടതായിട്ടുണ്ട്. അതില്ലാതെ ജന്റിൽ പാരന്റിങ് ഒരുപാടു ജന്റിൽ ആയതുകൊണ്ടാണ് നമ്മുടെ പുതിയ തലമുറ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ ബുദ്ധിമുട്ടുന്നതും ആത്മഹത്യകൾ കൂടുന്നതും.
നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേരും ആ യഥാർത്ഥ വീഡിയോയുടെ ആദ്യ ഭാഗം മാത്രമാണ് കണ്ടത്. അതിന്റെ പിന്നീടുള്ളതും മൃഗശാല അധികൃതർ വിവരിക്കുന്നതും തികച്ചും വ്യത്യസ്തവും അധികമാരും ചർച്ച ചെയ്യാത്തതും ആണ്. അത് സത്യത്തിലേക്കും യാഥാർഥ്യത്തിലേക്കും വെളിച്ചം വീശുന്നു. തുടർന്ന് ആ വീഡിയോയിൽ പിന്നീട് മറ്റു കുരങ്ങുകൾ അവനെ ചേർത്തുപിടിക്കുന്നതും ഗ്രൂമിങ് ചെയ്യുന്നതും കണ്ടപ്പോൾ ആശ്വാസത്തോടെ “ഇനി സന്തോഷമായി, പഞ്ച് കുഞ്ഞിന് കുടുംബം കിട്ടി” എന്ന ഭാഗം പലരും കണ്ടിട്ടില്ല. റഫ് ആൻഡ് ടംബിൾ പ്ലെയുടെ അഭാവം ഇന്ന് കുട്ടികളെ മാനസികമായി ദുർബലരാക്കുന്നു.
Nithin A.F. Consultant Psychologist SUT Hospital, Pattom Trivandrum.