ഒവൈസിയുടെ 'വൈറൽ നൃത്തം',​ പ്രചരിപ്പിച്ചത് മോശമായിപ്പോയി,​ സത്യാവസ്ഥ തുറന്നു പറഞ്ഞ് ഒവൈസി

Saturday 19 October 2019 7:18 PM IST

എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീൻ ഒവൈസിയുടെ നൃത്തമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡാൻസ് കളിക്കുന്ന ഒവൈസി എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്. എന്നാൽ അത് ഡാൻസ് കളിച്ചതല്ലെന്ന വിശദീകരണവുമായി ഒവൈസി രംഗത്തെത്തിയിരിക്കുകയാണ്. താൻ ഡാൻസ് കളിക്കുകയല്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തന്റെ പാർട്ടി ചിഹ്നമായ ‘പട്ടം’ പറപ്പിക്കുന്നത് അഭിനയിച്ചു കാണിച്ചതാണെന്നുമാണ് ഒവൈസി പറയുന്നത്. വീഡിയോ പ്രചരിപ്പിച്ചത് മോശമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗം കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുമ്പോഴായിരുന്നു ഒവൈസിയുടെ ആംഗ്യ പ്രകടനം. വാർത്താ ഏജൻസിയായ എ.എൻ.ഐ യാണ് ഒവൈസിയുടെ ഈ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് പിന്നാലെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.