കള്ളപ്പണത്തിന്റെ ഹബ്ബായി എരുമേലി

Friday 27 February 2026 12:30 AM IST

കോട്ടയം : ഒന്നര വർഷം മുൻപ് ഓണക്കാലത്ത് ബംഗളൂരു ബസിൽ നിന്ന് പിടികൂടിയത് എരുമേലിയ്ക്ക് കൊണ്ടുപോയ 67 ലക്ഷത്തിന്റെ കള്ളപ്പണം. ഇന്നലെ എരുമേലിയിൽ നിന്ന് പിടികൂടിയത് 60 ലക്ഷത്തിന്റെ കള്ളപ്പണം. എരുമേലിയിലും പരിസരത്തും വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ വ്യാപകമായി കള്ളപ്പണമെത്തുന്നുണ്ടെന്നാണ് വിവരം.

ഓണക്കാലത്തെ പരിശോധനയിലാണ് എരുമേലി സ്വദേശിയായ ഡ്യൂട്ടിപെയ്ഡ് ഷോപ്പ് ഉടമയ്ക്ക് എത്തിച്ച കള്ളപ്പണം പിടികൂടിയത്. ഇന്നലെ കെ. എസ്.ആർ.ടി.സി ബസിൽ മതിയായ രേഖകളില്ലാതെ എരുമേലി സ്വദേശിയായ ഷുക്കൂർ കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തത്. പല കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. ബംഗളൂരുവിൽ നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ജില്ലാ പൊലീസിലെ ഡാൻസാഫ് ടീമിന്റെ പരിശോധന. പണം കോടതിയിൽ കൈമാറി. എരുമേലി, മുണ്ടക്കയം ,കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിച്ച് കൊടുക്കുന്ന സംഘമുണ്ട്. ഇതിനോടകം കോടികളുടെ കള്ളപ്പണം അന്യസംസ്ഥാനങ്ങളിൽ നിന്ന് ബസിലൂടെ കടത്തിയിട്ടുണ്ട്.

കടത്തിന് കൂട്ട് അന്തർസംസ്ഥാന ബസുകൾ

അന്തർസംസ്ഥാന ബസ് വഴി മുൻപും കള്ളപ്പണമെത്തിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കള്ളപ്പണം പിടികൂടിയാലും അറസ്റ്റ് ചെയ്താലും ജാമ്യം ലഭിക്കും. ഉറവിടം കാണിച്ചാൽ പണവും തിരികെ ലഭിക്കും. കടത്തുന്ന പണത്തിന്റെ നിശ്ചിത ശതമാനം കമ്മീഷൻ കാര്യർമാർക്ക് ലഭിക്കും. എപ്പോഴും ബസ് തടഞ്ഞു നിറുത്തിയുള്ള പരിശോധന യാത്രക്കാരുടെ പരാതിക്കും ഇടയാക്കുമെന്നതിനാൽ പ്രായോഗികമല്ല. ഈ പഴുതുകളാണ് മാഫിയകൾ ഉപയോഗിക്കുന്നത്. വണ്ടിക്കൂലിയിനത്തിൽ പരമാവധി മൂവായിരം രൂപ മുടക്കിയാൽ കോടികൾ പണമായോ ലഹരിയായോ കടത്താം. നിരവധി ബാഗുകളുടെ കൂടെവയ്ക്കുന്നതിനാൽ കണ്ടെത്താനും പ്രയാസമാണ്.

ഇ.ഡിയ്‌ക്ക് വിവരങ്ങൾ കൈമാറി

വിദേശത്തുനിന്നുള്ള കള്ളപ്പണം ബംഗളൂരുവിൽ നിന്ന് എരുമേലിക്ക്

ബംഗളൂരുവിലെ ഫോറിൻ എക്സചേഞ്ച് സ്ഥാപനങ്ങൾക്ക് ബന്ധം

വ്യാപാര സ്ഥാപനങ്ങളുടെ മറവിൽ കള്ളപ്പണം വെളുപ്പിക്കും