വീഴാൻ കാത്ത് കെട്ടിടങ്ങൾ
സാംസ്കാരിക നഗരമെന്ന ഖ്യാതിയിൽ ഊറ്റം കൊള്ളുമ്പോഴും കോഴിക്കോട് നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പുതുക്കി പണിയാൻ ഭരണാധികാരികൾക്ക് കഴിഞ്ഞിട്ടില്ല. ഇതിന്റെ ഫലമാണ് കഴിഞ്ഞ ദിവസം കോർപ്പറേഷൻ കെട്ടിടത്തിന്റെ ഭീമൻ സ്ളാബ് തകർന്നുവീണ് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യമുണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കുമെന്നതിന് ഒരുത്തരവുമില്ല.
മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്. തുച്ഛമായ ഈ തുക കൊണ്ട് നികത്താൻ കഴിയുന്നതാണോ തൊഴിലാളികൾക്കുണ്ടായ നഷ്ടം? നാലും അഞ്ചും പതിറ്റാണ്ടായി കോഴിക്കോട് വലിയങ്ങാടിയിൽ ചുമുട്ടുതൊഴിലെടുക്കുന്നവരും മറ്റുമാണ് അപകടത്തിൽ മരിച്ചത്. അനാഥമായ അവരുടെ കുടുംബത്തിന്റെ ഭാവി എന്താകും?
തകർന്ന വലിയങ്ങാടി കെട്ടിടത്തിന്റെ സ്ളാബ് അടർന്നുവീഴാൻ തുടങ്ങിയിട്ടും കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നത് ഒഴിവാക്കിയില്ല. ബലക്ഷയമുണ്ടെന്ന് രണ്ട് കൊല്ലം മുമ്പ് കണ്ടെത്തിയിട്ടും നടപടിയുണ്ടായില്ല. തികഞ്ഞ അനാസ്ഥയാണ് ഇക്കാര്യത്തിലുണ്ടായതെന്നാണ് ആക്ഷേപം. മനുഷ്യാവകാശ കമ്മിഷന് ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും റിപ്പോർട്ട് നൽകുന്നതോടെ അനാസ്ഥയ്ക്ക് ഇടയാക്കിയ സാഹചര്യങ്ങളെന്തെന്ന് വ്യക്തമാകും. വെെകിയാണെങ്കിലും കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ തകർന്ന കെട്ടിടത്തിന് ബലക്ഷയമുണ്ടെങ്കിലും അൺഫിറ്റാണെന്ന് റിപ്പോർട്ട് കിട്ടിയില്ലെന്നാണ് മേയർ ഒ.സദാശിവൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. അൺഫിറ്റ് അല്ലെന്നു പറഞ്ഞാൽ ഫിറ്റ് എന്നാണ് അർത്ഥം. ബലക്ഷയമുള്ള കെട്ടിടം എങ്ങനെ ഫിറ്റ് ആകും സാർ...എന്നാണ് നഗരവാസികളുടെ ചോദ്യം. ബലക്ഷയമുള്ള കെട്ടിടത്തിന് അൺഫിറ്റ് എന്ന് വേറെ സർട്ടിഫിക്കറ്റ് കൊടുക്കേണ്ടതുണ്ടോ? സാമാന്യയുക്തിക്ക് നിരക്കാത്തതാണ് അധികൃതരുടെ വാദം.
നഗരത്തിൽ മാത്രമല്ല, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തകർന്നുവീഴാറായ നിരവധി കെട്ടിടങ്ങളുണ്ട്. ധാരാളം ജനങ്ങളെത്തുന്ന ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ തകർച്ചാ ഭീഷണി നേരിടുന്നു. ബേപ്പൂർ ബസ് സ്റ്റാൻഡ് അവയിലൊന്നാണ്. ജീവനും കെെയിൽ പിടിച്ചാണ് യാത്രക്കാരും ബസ് ജീവനക്കാരും ഇവിടെ വന്നുപോകുന്നത്. അഞ്ചും ആറും പതിറ്റാണ്ട് പഴക്കമുള്ളവയാണ് കോഴിക്കോട് നഗരത്തിലെ കെട്ടിടങ്ങൾ പലതും. ഇതിന്റെ എണ്ണം പോലും കോർപ്പറേഷന്റെ കെെവശമില്ലെന്നതാണ് ഏറ്റവും ഖേദകരം. നാല് പേർ മരിച്ചപ്പോഴാണ് കോർപ്പറേഷൻ ഉടമസ്ഥതയിലുളള കെട്ടിടങ്ങളുടെ ബലക്ഷയം പരിശോധിക്കാൻ തീരുമാനിച്ചത്. കോർപ്പറേഷൻ മുൻ ഭരണസമിതി കാലപ്പഴക്കം ചെന്ന ആറോളം കെട്ടിടങ്ങൾ ഒഴിയാൻ നോട്ടീസ് നൽകിയിരുന്നു. അതിൽ ഇപ്പോൾ തകർന്ന വലിയങ്ങാടിയിലെ കെട്ടിടവുമുണ്ട്. പഴക്കമേറെയുള്ള കെട്ടിടങ്ങൾ നിലനിറുത്തി 20 വർഷം വരെ പഴക്കമുള്ളവ പൊളിക്കുന്നതാണ് നഗരസഭയുടെ രീതിയെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആക്ഷേപം. ജനങ്ങളുടെ സുരക്ഷിതത്വത്തിനെക്കാൾ കച്ചവട താത്പര്യമാണത്രേ ഇതിന് കാരണം. എൻജിനിയർമാരുടെ റിപ്പോർട്ട് പ്രകാരമാണ് ഓരോ കെട്ടിടത്തിനും ഫിറ്റ്നസ് നൽകുന്നത്. എന്നാൽ കെട്ടിടത്തിന്റെ പഴക്കത്തിന്റെ കാര്യത്തിൽ വെള്ളം ചേർക്കുന്നുവെന്നും ആക്ഷേപമുണ്ട്. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചും കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നീട്ടിക്കൊടുക്കുന്നുവെന്നും പറയുന്നു.
സുരക്ഷയല്ല, പ്രധാനം കച്ചവട താത്പര്യമെന്ന്
പഴക്കമേറെയുള്ള കെട്ടിടങ്ങളെ നിലനിറുത്തി 19-20 വർഷം പഴക്കമുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതാണ് നഗരസഭയുടെ രീതിയെന്നാണ് ആക്ഷേപം. ജനങ്ങളുടെ സുരക്ഷയെക്കാൾ കച്ചവടതാത്പര്യമാണ് ഇതിനു പിന്നിലെന്നും കോർപ്പറേഷൻ പ്രതിപക്ഷാംഗങ്ങൾ പറയുന്നു. എൻജിനിയർമാരുടെ റിപ്പോർട്ട് പ്രകാരമാണ് ഓരോ കെട്ടിടത്തിനും ഫിറ്റ്നസ് നൽകുന്നത്. എന്നാൽ സ്വാർത്ഥ താത്പര്യങ്ങൾക്കായി കെട്ടിടത്തിന്റെ പഴക്കത്തിന്റെ കാര്യത്തിൽ വെള്ളം ചേർത്ത് പൊളിക്കേണ്ടവ നിലനിറുത്തുകയാണെന്നും പറയുന്നു. ഇപ്പോൾ തകർന്ന കെട്ടിടത്തിന് മാസങ്ങൾക്കു മുൻപ് പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുണ്ടായിട്ടും പല കൗൺസിലിലും കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നീട്ടിക്കൊടുക്കുകയാണ് ഭരണപക്ഷം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
ബലക്ഷയമുണ്ടായ കെട്ടിടങ്ങൾ യഥാസമയം പൊളിക്കണം. ജനങ്ങളുടെ ജീവന് വില കൽപ്പിക്കാനും നടപടിയുണ്ടാകണം. അപകടാവസ്ഥയിലായ കെട്ടിടം ഒഴിയാൻ നിർദ്ദേശം കൊടുക്കാത്തത് കോർപ്പറേഷന്റെ അനാസ്ഥയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഫിറ്റ്‌നസ് ഇല്ലാത്ത ബിൽഡിംഗുകൾക്ക് ലൈസൻസ് നൽകരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രതിപക്ഷം പറയുന്നു.
തകർച്ചാഭീഷണിയിൽ രജിസ്ട്രാർ ഓഫീസും
ഇപ്പോൾ തകർന്നുവീഴുമെന്ന നിലയിലാണ് കോഴിക്കോട് മാനാഞ്ചിറയിലെ ജില്ലാ രജിസ്ട്രാർ ഓഫീസ് കെട്ടിടം. ഓടിട്ട പഴയ കെട്ടിടത്തിനു മുകളിൽ ചോർച്ച പരിഹരിക്കാൻ ടാർപായ വിരിച്ചിരിക്കുകയാണ്. പഴകിയ വാതിലുകളും ജനലുകളുമാണുള്ളത്. ഇഴജന്തുക്കൾ കയറിയിറങ്ങാൻ സാദ്ധ്യതയുള്ള ഓഫീസിൽ ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യം പോലുമില്ല. ഓരോ ഫയലിലും ഓരോ ജീവിതം ഉറങ്ങുമ്പോൾ, ആ ഫയലുകൾ പോലും ചിതലെടുക്കുമെന്ന സ്ഥിതിയാണ്. രജിസ്ട്രാർ ജനറൽ, ഓഡിറ്റ് വിഭാഗങ്ങളും, ഉത്തരമേഖല ഡി.ഐ.ജി ഓഫീസും സബ് രജിസ്ട്രാർ ഓഫീസും ചിട്ടി രജിസ്ട്രേഷൻ വിഭാഗവുമെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു ചായ്പാണ് രജിസ്ട്രാർ ഓഫീസിലെ ഉത്തരമേഖല ഡി.ഐ.ജി ഓഫീസ്. അസൗകര്യങ്ങൾ മാറ്റാൻ തൊട്ടടുത്ത് പു
പുതിയ കെട്ടിടം പണിതിട്ടിട്ടുണ്ടെങ്കിലും അങ്ങോട്ട് മാറാനായിട്ടില്ല. 2023 മേയിൽ മന്ത്രി വി.എൻ വാസവനാണ് ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഓഫീസിനകത്ത് വിവിധ വിഭാഗങ്ങൾക്കുള്ള ക്യാബിനുകൾ ഒരുക്കിയിട്ടുണ്ട്. മൂന്നു കൊല്ലമായി പുതിയ കെട്ടിടം ഉപയോഗിക്കാതെ കിടക്കുന്നു. കെട്ടിടത്തിന്റെ പ്ളാനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു. വെെദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. ഒരു സർക്കാർ കെട്ടിടം പ്രവർത്തിക്കാതിരിക്കാൻ അതേ സർക്കാർ ഭരിക്കുമ്പോൾ ഇതൊക്കെ ഒരു കാരണമാണോ എന്ന ചോദ്യവുമുയരുന്നു.