ലോറിയും ബസും തമ്മിൽ കൂട്ടിയിടിച്ചു, ലോറിയിലെ അരിച്ചാക്ക് പൊട്ടി റോഡിൽ ചിതറി

Friday 27 February 2026 1:52 AM IST

മൂലമറ്റം: അറക്കുളം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണിലേക്ക് അരിയുമായി വന്ന ലോറിയും, തൊടുപുഴയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കോളപ്ര പോസ്റ്റ് ഓഫീസിന് മുമ്പിലുണ്ടായ അപകടത്തിൽ ലോറിയിൽ ഉണ്ടായിരുന്ന അരിച്ചാക്കുകൾ പൊട്ടി റോഡിൽ വീണു. ഏകദേശം നൂറ് മീറ്റർ ദൂരത്തിൽ അരി റോഡിൽ ചിതറിവീണു. ലോറിയിൽ കെട്ടിയിരുന്ന കയർ അഴിഞ്ഞതിനെ തുടർന്ന് അരിച്ചാക്കുകൾ ഒരു വശത്തേക്ക് ചെരിഞ്ഞ് ഏറെ ദൂരം വാഹനം ഓടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ലോറിയിലെ മൂന്ന് ചാക്ക് അരിയാണ് റോഡിൽ പൊട്ടിവീണത്. അപകട വിവരം പോസ്റ്റ് ഓഫീസ് ജീവനക്കാരനായ ബിനിലാണ് മൂലമറ്റം അഗ്നിരക്ഷാസേനയിൽ അറിയിച്ചത്. ഉടനെ സേന സ്ഥലത്തെത്തി ചിതറിക്കിടന്ന അരി കോരിമാറ്റിയതിന്ശേഷം വെള്ളം പമ്പ് ചെയ്ത് റോഡ് പൂർണമായും വൃത്തിയാക്കി. അപകടത്തിൽ ബസ് യാത്രികനായ ഒരാളുടെ കൈയ്ക്ക് പരിക്കേറ്രു. സ്റ്റേഷൻ ഓഫീസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തിൽ ജിൻസ് മാത്യു, സിജു എം.പി, ശ്രീകാന്ത് സി.ആർ, സന്ദീപ് കെ, ജെയിംസ് തോമസ്, പ്രവീൺ കെ.പി എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.