പ്രതിഷേധങ്ങൾ പരിധി വിടരുത്

Friday 27 February 2026 12:52 AM IST

സമരമാർഗങ്ങളുടെ ചരിത്രത്തിന് സ്വാതന്ത്ര്യസമര കാലത്തോളമുണ്ട്, പഴക്കം. സഹനവും നിസ്സഹകരണവുമൊക്കെ അന്നത്തെ പ്രതിഷേധമുറകളായിരുന്നെങ്കിൽ, പിൽക്കാല സമരചരിത്രത്തിന്റെ ശൈലി വേറെയാണ്. വഴിതടയൽ,​ ഘെരാവോ,​ കരിങ്കൊടി കാണിക്കൽ,​ കോലം കത്തിക്കൽ എന്നിവയിൽ തുടങ്ങി കടന്നാക്രമണത്തിൽ വരെ എത്തിനില്ക്കുന്നു,​ പ്രതിഷേധങ്ങളുടെ പുതുമുഖം! കഴിഞ്ഞ ദിവസം കണ്ണൂരിലെ സർക്കാർ പരിപാടിക്കു ശേഷം വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ തിരുവനന്തപുരത്തേക്കു മടങ്ങാൻ റെയിൽവേ സ്റ്റേഷനിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെതിരെ പ്ളാറ്റ്ഫോമിൽ വച്ച് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ പ്രവർത്തകർ നടത്തിയ പ്രതിഷേധമാണ്,​ മന്ത്രിക്ക് പരിക്കേല്ക്കുന്നതിലും. അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിലും വരെ കലാശിച്ചത്! കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമേറ്റ മന്ത്രി,​ നിലവിൽ പരിയാരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

റെയിൽവേ പ്ളാറ്റ്ഫോമിൽ മന്ത്രിക്കെതിരെ പ്രതിഷേധിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നടന്നത് 'ഭീകരാക്രമണ"മാണെന്ന് ഭരണാനുകൂലികളും,​ മന്ത്രിയുടേത് നാടകാഭിനയമാണെന്ന് പ്രതിപക്ഷവും ആരോപിക്കുമ്പോഴും ഒരു ചോദ്യം ബാക്കിയാണ്- പ്രതിഷേധത്തിന് വിഷയം എന്തുതന്നെയായാലും,​ പൊതുയാത്രാ സ്ഥലത്ത്,​ ഒരു വനിതാ മന്ത്രിക്കെതിരെ അവരുടെ യാത്ര തടസപ്പെടുത്തും വിധം പ്രകോപനപരമായി പ്രതിഷേധിക്കുന്നതും,​ സംഘർഷാന്തരീക്ഷം സൃഷ്ടിക്കുന്നതും ജനാധിപത്യ സംവിധാനത്തിനു ചേർന്നതോ?​ റെയിൽവേ പ്ളാറ്റ്ഫോമിൽ പ്രതിഷേധക്കാരും മന്ത്രിയും നേർക്കുനേർ വരുന്നത് ഒഴിവാക്കുവാൻ പൊലീസ് ബദ്ധപ്പെടുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രതിഷേധക്കാർക്കു നേരെ മന്ത്രി കയർക്കുന്നതും,​ പൊലീസ് അവരെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുന്നതുമൊക്കെ വ്യക്തമാണ്.

പ്ളാറ്റ്ഫോമിലെ ഈ തിക്കിനും തിരക്കിനും ഇടയിലാവാം മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റതും,​ അന്തരീക്ഷം മാറിമറിഞ്ഞതും. പിന്നെ,​ സംസ്ഥാന വ്യാപകമായി അതേച്ചൊല്ലിയായി പ്രതിഷേധവും ചിലേടത്തെങ്കിലും അക്രമങ്ങളും. വലിയ അനിഷ്ട സംഭവങ്ങൾക്ക് വഴിവച്ചേക്കാമായിരുന്നതാണ് റെയിൽവേ പ്ളാറ്റ്ഫോമിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധമെന്ന് ചുരുക്കം. പ്രവർത്തകർ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും,​ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുള്ളത് ജനാധിപത്യപരമായ പ്രതികരണമാണ്. അതേസമയം,​ സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിനായി ആരെങ്കിലും ഉപയോഗപ്പെടുത്താൻ ശ്രമിച്ചാൽ അത് എതിർക്കപ്പെടേണ്ടതു തന്നെയാണ് താനും. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ തുടരെയെന്നോണം സംഭവിക്കുന്ന ചികിത്സാ വീഴ്ചകളുടെ പേരിലായിരുന്നു,​ ആരോഗ്യ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം. അതിന് തിര‌ഞ്ഞെടുത്ത മാർഗവും സ്ഥലവുമാണ് അനുചിതമായത്.

അതൃപ്തിയിൽ നിന്നാണ് പ്രതിഷേധം ജന്മമെടുക്കുന്നത്. സർക്കാർ ആശുപത്രികളിൽ സംഭവിക്കുന്ന വീഴ്ചകളുടെ വാർത്തകൾ ദിനമെന്നോണം പുറത്തുവരികയും,​ വീഴ്ച സംഭവിച്ചവരെ വെള്ളപൂശാൻ ആരോഗ്യവകുപ്പ് ശ്രമിക്കുന്നതായി അതേ മേഖലയിൽ നിന്നുൾപ്പെടെ ആരോപണമുയരുകയും ചെയ്തിരുന്നു. എത്ര ശ്രദ്ധാപൂർവം കൈകാര്യം ചെയ്താലും,​ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിച്ചാലും ചില പിഴവുകൾ ഏതു മേഖലയിലും സംഭവിക്കുമെന്നത് നേരുതന്നെ. പക്ഷേ,​ ഉചിതമായ അനന്തര നടപടികൾ സ്വീകരിക്കുകയും അത് പൊതുസമൂഹത്തിന് ബോദ്ധ്യമാവുകയും ചെയ്യുക എന്നത് പ്രധാനമാണ്. അതിനൊപ്പം,​ സ്വന്തം വകുപ്പിന്റെ പ്രവർത്തനത്തിൽ സാധാരണജനങ്ങൾക്ക് അതൃപ്തികരമായ സംഭവങ്ങളുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് മന്ത്രിമാരും ജാഗ്രത പുലർത്തേണ്ടതുണ്ട്. പ്രതിഷേധങ്ങൾക്കും പരിധിയുണ്ടെന്നു മാത്രം മറക്കരുത്.