നെതന്യാഹുവിനോട് മോദി, ഗാസയിലെ സമാധാനം ഇന്ത്യയ്‌ക്കും പ്രധാനം

Friday 27 February 2026 12:06 AM IST

ന്യൂഡൽഹി: പശ്ചിമേഷ്യൻ സമാധാനവും സ്ഥിരതയും ഇന്ത്യയുടെ സുരക്ഷാ താത്പര്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമെന്ന് പ്രധാനമന്ത്രി മോദി. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം നിലപാടറിയിച്ചത്.

യു.എസ് നേതൃത്വത്തിൽ ഗാസയിൽ സ്ഥാപിക്കപ്പെട്ട സമാധാന കരാറും ചർച്ചയായി. സമാധാന ചർച്ചകളെ ഇന്ത്യ തുടക്കം മുതൽ പിന്തുണച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. മനുഷ്യത്വം ഒരിക്കലും സംഘർഷത്തിന്റെ പേരിൽ തകർക്കപ്പെടരുത്. ഇസ്രായേൽ പാർലമെന്റിന്റെ ആദരത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

മോദിയുടെ സന്ദർശനത്തിൽ സുപ്രധാന പ്രതിരോധ ഇടപാടുകളുണ്ടായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. സുദർശന ചക്രയ്‌ക്ക് ഇസ്രയേൽ സാങ്കേതിക വിദ്യ, സ്‌പൈസ് 1000 മിസൈൽ ഗൈഡൻസ് കിറ്റുകൾ, റാംപേജ്, നേവൽ ക്രൂസ്, എയർ ലോറ മിസൈലുകൾ എന്നിവയ്‌ക്കുള്ള ചർച്ചകളും പ്രതീക്ഷിച്ചിരുന്നു.

കരാറുകളും ധാരണകളും

 നൂതന എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ധാതു പര്യവേക്ഷണം

 ഗുജറാത്തിലെ ലോത്താലിൽ നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ്

 ഇന്നൊവേഷൻ സെന്റർ ഫോർ അഗ്രികൾച്ചർ (ഐ.ഐ.എൻ.സി.എ) സ്ഥാപിക്കും

 മത്സ്യബന്ധനം, അക്വാകൾച്ചർ, ധനകാര്യ മേഖലയിൽ സഹകരണം

 ബുദ്ധമത പഠനം, ഗണിതശാസ്ത്രം വിഷയങ്ങളിൽ നളന്ദ- ഹീബ്രു സർവകലാശാലകൾ തമ്മിൽ ധാരണ

 ഇന്ത്യയിൽ സൈബർ സെന്റർ ഒഫ് എക്സലൻസ് സ്ഥാപിക്കും

 ഇന്ത്യ-ഇസ്രായേൽ സഹകരണത്തിന് ' തന്ത്രപരമായ പങ്കാളിത്ത' പദവി

 ക്വാണ്ടം, ധാതുക്കൾ, സിവിൽ ആണവോർജ്ജം, ബഹിരാകാശ മേഖലകളിലും സഹകരണം

ഇന്ത്യ-മിഡിൽ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കായി കൈകോർക്കും