102 കോടിയുടെ സ്വർണക്കടത്ത്, നടി രന്യ റാവുവിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

Friday 27 February 2026 12:07 AM IST

ബംഗളൂരു: 102 കോടി രൂപയുടെ സ്വർണക്കടത്ത് കേസിൽ കന്നഡ നടിരന്യ റാവുവിനെതിരെ ഇ.‌ഡി കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരുവിലെ പ്രത്യേക പി.എം.എൽ.എ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. രന്യയുടെ സഹായി തരുൺ കൊണ്ടൂരു, ബെള്ളാരി ആസ്ഥാനമായുള്ള സ്വർണ വ്യാപാരി സാഹിൽ സക്കറിയ ജെയിൻ എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. ഒരു വർഷത്തിനിടെ 127 കിലോയിലധികം സ്വർണം ഇന്ത്യയിലേക്ക് കടത്തിയതിലും വിവിധ ഏജന്റുമാർ വഴി ആഭരണ വ്യാപാരികൾക്ക് വിറ്റതിലും രന്യക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

2024 മാർച്ച് മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ഏകദേശം 127.287 കിലോ സ്വർണം ഇന്ത്യയിലേക്ക് കടത്തിയതായി ഇ.ഡി കണ്ടെത്തി. മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വളർത്തുപുത്രിയായ രന്യ കഴിഞ്ഞ വർഷമാണ് ബംഗളൂരു വിമാനത്താവളത്തിൽ വച്ച് പിടിയിലായത്. 15 ദിവസത്തിനിടെ നടത്തുന്ന നാലാമത്തെ ദുബായ് യാത്രയായതിനാൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയായിരുന്നു. 14.2 കിലോ സ്വർണം ഇവരുടെ പക്കൽ നിന്ന് പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും കണ്ടെടുത്തു. രന്യയുടെ പേരിലുള്ള 34.12 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.

ഒരു ശൃംഖലയുടെ ഭാഗമായാണ് രന്യ പ്രവർത്തിച്ചിരുന്നത്. ഒരു കിലോ സ്വർണം കടത്തുന്നതിന് 4 മുതൽ 5 ലക്ഷം രൂപ വരെ കമ്മിഷനായി ഇവർ കൈപ്പറ്റിയിരുന്നു.