കുട്ടികളിൽ ജുഡിഷ്യറിയെ കുറിച്ചുള്ള മതിപ്പ് ഇല്ലാതാകും

Friday 27 February 2026 12:11 AM IST

ന്യൂഡൽഹി: 'സമൂഹത്തിൽ ജുഡിഷ്യറിയുടെ പങ്ക്"എന്ന അദ്ധ്യായമാണ് വിവാദമായത്. ജുഡിഷ്യറിയിലെ അഴിമതിയെപ്പറ്റി വിവരിക്കുന്നത് കുട്ടികളുടെ ഉള്ളിൽ മതിപ്പ് ഇല്ലാതാക്കുമെന്ന് സുപ്രീംകോടതി വിലയിരുത്തി. ഇത്തരം പ്രചാരണങ്ങൾ അദ്ധ്യാപകരിൽ നിന്ന് കുട്ടികളിലേക്കും അവിടെ നിന്ന് രക്ഷിതാക്കളിലേക്കും സമൂഹത്തിലേക്കും അടുത്ത തലമുറയിലേക്കും സഞ്ചരിക്കും. ജഡ്‌ജിമാർക്കെതിരായ പരാതികളുടെ എണ്ണം മാത്രം പരാമർശിച്ചിരിക്കുന്നു. ഇതുകാണുമ്പോൾ, ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന ധാരണയുണ്ടാണ് ഉണ്ടാകുന്നത്. മുൻ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചു. അദ്ദേഹം ജുഡിഷ്യറിയിൽ അഴിമതിയുണ്ടെന്ന് സമ്മതിച്ചെന്ന മട്ടിലാണ് പാഠഭാഗം.

ഉള്ളടക്കത്തെ ന്യായീകരിച്ച് എൻ.സി.ഇ.ആർ.ടി ഡയറക്‌ടർ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്തെഴുതിയതിനെയും വിമർശിച്ചു. നിന്ദ്യമായ പ്രവൃത്തിയാണത്. ന്യായമായ വിമർശനത്തെ തള്ളിക്കളയുന്നില്ല. അത്തരം ചർച്ചകൾ ജുഡിഷ്യറിയുടെ ചൈതന്യത്തെ നിലനിറുത്തും. വിഷയം പൊതുസമൂഹത്തിന് മുന്നിലെത്തിച്ച മാദ്ധ്യമപ്രവർത്തകരെ സുപ്രീംകോടതി അഭിനന്ദിച്ചു.

പുറത്തുപോയത് 32

പുസ്‌തകങ്ങൾ മാത്രം

32 പാഠപുസ്‌തകങ്ങൾ മാത്രമാണ് പുറത്തുപോയതെന്നും,​ അവ കണ്ടെത്തുമെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു. പാഠപുസ്‌തകത്തെ ന്യായീകരിച്ചവർ ഇനി എൻ.സി.ഇ.ആർ.ടിയിൽ ഉണ്ടാകില്ല.

അബദ്ധം പറ്റി, മാപ്പ്

അനുചിത പാഠഭാഗം അബദ്ധവശാൽ കടന്നുകൂടിയതാണെന്നും ഖേദിക്കുന്നെന്നും എൻ.സി.ഇ.ആർ.ടി വാർത്താക്കുറിപ്പിറക്കി. ജുഡിഷ്യറിയെ ഏറെ ബഹുമാനത്തോടെ കാണുന്നു. പിശകുപറ്റിയതിൽ മാപ്പു പറയുന്നു.