5 വർഷം,​ ഇസ്രയേലിൽ അരലക്ഷം തൊഴിൽ; മോദി - നെതന്യാഹു ചർച്ചയിൽ ധാരണ

Friday 27 February 2026 12:16 AM IST

ന്യൂഡൽഹി: ഇസ്രയേലിലെ വ്യവസായ, നിർമ്മാണ, ഹോട്ടൽ മേഖലകളിൽ അഞ്ചു വർഷത്തിനകം 50,000 ഇന്ത്യക്കാർക്ക് തൊഴിൽ. ഇസ്രയേലിൽ യു.പി.ഐ വഴി പണമിടപാടും നടത്താം. പ്രധാനമന്ത്രി നരേന്ദ്രമോദി- ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന കരാർ.

അയൺ ഡോം മാതൃകയിൽ ഇന്ത്യയിൽ ആഭ്യന്തര പ്രതിരോധ സംവിധാനമായ സുദർശന ചക്രം സ്ഥാപിക്കുന്നതിന് ഇസ്രയേൽ സഹായിക്കും. ഇതടക്കം പ്രതിരോധ ഇടപാടുകളിലും ധാരണയായെന്നാണ് സൂചന.

റീട്ടെയിൽ, ക്ലീനിംഗ്, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, ഭക്ഷ്യ സംസ്കരണം, ഹോസ്പിറ്റാലിറ്റി, ടെക്‌സ്‌റ്റൈൽ,​ ഇലക്ട്രോണിക്സ് മേഖലകളിൽ ഇന്ത്യക്കാർക്ക് പരമാവധി അവസരം നൽകും. റെസ്റ്റോറന്റുകൾ, കഫേകൾ അടക്കം ഭക്ഷ്യ വില്പനരംഗത്ത് ഇന്ത്യൻ സംരംഭങ്ങൾ ഇസ്രയേലിൽ പ്രോത്സാഹിപ്പിക്കും. തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ സംയുക്ത ഏകോപന സമിതി.

പ്രധാനമന്ത്രിമാരുടെ ചർച്ചയിൽ ഗാസ സമാധാന കരാറും അവലോനം ചെയ്‌തു. ഭീകരതയെ ഇരുവരും അപലപിച്ചു. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെസോഗുമായും മോദി കൂടിക്കാഴ്‌ച നടത്തി. നെതന്യാഹുവുമൊത്ത് മോദി ഹോളികോസ്റ്റ് സ്‌മാരകമായ യാദ് വഷേം സന്ദർശിച്ചു.

ഇസ്രയേലിൽ

യു.പി.ഐ ഇടപാട്

 തീർത്ഥാടകർക്കും സഞ്ചാരികൾക്കുമുൾപ്പെടെ ഇസ്രയേലിൽ പണമിടപാടിന് യു.പി.ഐ ഉപയോഗിക്കാം

 എൻ‌.പി‌.സി‌.ഐ ഇന്റർനാഷണലും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും തമ്മിലാണ് കരാറിലായത്

 സാങ്കേതിക വിദ്യ, സൈബർ സുരക്ഷ എന്നിവയിൽ സഹകരണം

 സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കി വാണിജ്യ ബന്ധം വിപുലമാക്കും