കടലിലെ കണ്ടെയ്‌നർ ചതി,​ ലക്ഷങ്ങളുടെ വല നഷ്ടം

Friday 27 February 2026 12:27 AM IST

ആലപ്പുഴ: കൊച്ചിതീരത്ത് കപ്പൽ മുങ്ങിയിട്ട് മാസങ്ങളായിട്ടും മത്സ്യത്തൊഴിലാളികളുടെ ദുരിതം അവസാനിക്കുന്നില്ല. കപ്പലിലുണ്ടായിരുന്ന കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിനടക്കുന്നത് കാരണം അവർക്ക് വലിയനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

കടലിലെ കണ്ടെയ്നറുകളിൽ തട്ടി മത്സ്യബന്ധന വലകൾക്ക് കേടുപാടുകൾ

സംഭവിക്കുന്നത് നിത്യാസംഭവമായതോടെ ലക്ഷങ്ങളുടെ നഷ്ടവും തൊഴിൽ ഇല്ലാതാകുന്ന സാഹചര്യവുമാണ്. ഇതോടെ തീരം

കടുത്ത പട്ടിണിയിലാണ്. പലരും സാമ്പത്തികമായി തകർന്നു.

വല കീറുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് മത്സ്യത്തൊഴികൾക്ക് വരുത്തിവയ്ക്കുന്നത്. വള്ളത്തിന്റെ ഇന്ധനച്ചെലവും തൊഴിലാളികളുടെ കൂലിയും കാരണം ബുദ്ധിമുട്ടിലായിരിക്കുമ്പോഴാണ് കണ്ടെയ്‌നറുകളിൽ തട്ടി വലകേടാകുന്നത് പതിവാകുന്നത്. ഇതോടെ വലയും മീനും നഷ്ടമാകുന്ന അവസ്ഥയാണ്.

തീരം കടുത്ത പട്ടിണിയിൽ

1.കഴിഞ്ഞ ദിവസം തോട്ടപ്പള്ളി അഴിക്ക് പടിഞ്ഞാറുവശത്തായി കിലോയ്ക്ക് 320 രൂപ വിലവരുന്ന 450 കിലോ വലയാണ് കണ്ടെയ്‌നറിൽ തട്ടി നശിച്ചത്.

ഇതിലൂടെ 1,​44,​000 രൂപയുടെ നഷ്ടമുണ്ടായി. മാത്രമല്ല,​ ലക്ഷങ്ങളുടെ

മീനും നഷ്ടമായി. ആകെ അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായി

2.വല നന്നാക്കിയെടുക്കുന്നതിന് ലക്ഷങ്ങളുടെ ചെലവ് വരും. ജോലി നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ വല വാടകയ്ക്ക് എടുത്താണ് ഇപ്പോൾ കടലിൽപോകുന്നത്.കപ്പലപകടത്തെത്തുടർന്ന് താറുമാറായ മീൻ വില്പന ഒരുവിധത്തിൽ തിരിച്ചുപിടിക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടത്

3.സർക്കാരിൽ നിന്ന് സഹായം ലഭിച്ചില്ലെങ്കിൽ ഉപജീവന മാ‌‌ർഗം തന്നെ നിന്നുപോകുന്ന അവസ്ഥയിലാണ്. മാസങ്ങൾക്ക് മുമ്പ് ഉണ്ടായ നഷ്ടം പോലും സർക്കാർ ഇതുവരെ പരിഹരിച്ചിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു

4. കഴിഞ്ഞ തവണ വല കീറിയതിൽ ഏഴുലക്ഷം രൂപയുടെ വരെ നഷ്ടമുണ്ടായ മത്സ്യത്തൊഴിലാളികളുണ്ട്. അവരിൽ പലരും വലിയ വാടകയ്ക്ക് വലയെടുത്താണ് ഇപ്പോൾ കടലിൽ പോകുന്നത്. വീണ്ടും നഷ്ടം സംഭവിച്ചാൽ അവർക്ക് പിടിച്ചുനിൽക്കാനാകില്ല.

കണ്ടെയ്‌നറിൽ തട്ടി വലകീറുന്നത് ഭീമമായ സാമ്പത്തിക ബാദ്ധ്യതകളാണ് വരുത്തുന്നത്. ആവശ്യമായ പരിഹാരം വേണം. സ‌ർക്കാർ അടിയന്തരമായി ഇടപെടണം

-ക്ലീറ്റസ്,​ മത്സ്യത്തൊഴിലാളി