ട്രെയിനിലെ ജനാലച്ചില്ല് ഇളക്കി പ്രതി രക്ഷപ്പെട്ടു: വീണ്ടും കുടുങ്ങി

Friday 27 February 2026 12:59 AM IST

കൊച്ചി: ബംഗളൂരു - കന്യാകുമാരി എക്സ്‌പ്രസ് ട്രെയിനിന്റെ ശുചിമുറിയുടെ ജനാലച്ചില്ല് ഇളക്കി മാറ്റി കൈവിലങ്ങ് സഹിതം രക്ഷപ്പെട്ട പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിൽ നിന്ന് ചാടുന്നതിനിടെ ട്രാക്കുകൾക്ക് സമീപം വീണ് പരിക്കേറ്റ് ആശുപത്രിയിൽ എത്തിയപ്പോഴാണ് പിടിയിലായത്.

ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് മയക്കുമരുന്നു കടത്തുന്ന തിരുവനന്തപുരം അഴൂർ പെരുംകുഴി നാലുമുക്ക് വൈശാഖ് വീട്ടിൽ ശബരിനാഥിനെയാണ് (46) എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ മേഖലയിൽ നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ ഇയാളെ പിറ്റ് എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി അനുമതി നൽകിയിരുന്നു. തുടർന്ന് ചിറയിൻകീഴ് പൊലീസ് ബംഗളൂരുവിൽ ദിവസങ്ങളോളം തങ്ങി നടത്തിയ അന്വേഷണത്തിൽ ഒളികേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്.

ട്രെയിനിൽ കേരളത്തിലേക്ക് കൊണ്ടുവരുമ്പോൾ ബുധനാഴ്ച രാവിലെ 7.40ന് ആലുവ റെയിൽവേ സ്റ്റേഷൻ എത്താറായപ്പോൾ വയറു വേദനിക്കുന്നതിനാൽ ശുചിമുറിയിൽ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടു. ഇടതു കൈയിലെ വിലങ്ങ് അഴിച്ച ശേഷം പൊലീസുകാർ ഇയാളെ ശുചിമുറിയിൽ കയറ്റി. ട്രെയിൻ ആലുവ സ്റ്റേഷൻ സമീപിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് ശുചിമുറിയുടെ ജനാലയുടെ സ്ലൈഡ്ചി ല്ലുകൾ ഇളക്കി മാറ്റി പുറത്തേക്ക് ചാടിയത്.

ട്രാക്കിന് സമീപം കാലിന് പരിക്കേറ്റ് കിടന്ന ശബരിനാഥ് വലത് കൈയ്യിലെ വിലങ്ങ് വസ്ത്രത്തിനടിയിൽ മറച്ചു. റെയിൽവേ ജീവനക്കാരനാണ് പരിക്കേറ്റ് കിടക്കുന്നത് കണ്ട് അപകടത്തിൽപ്പെട്ട യാത്രക്കാരനാണെന്ന് കരുതി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ഡോക്ടറെ കണ്ടെങ്കിലും അസ്ഥിരോഗ വിദഗ്ധനെ കാണണമെന്ന് പറഞ്ഞ് ഇയാൾ ആലുവ കാർമൽ ജംഗ്‌ഷന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഓട്ടോയിൽ പുറപ്പെട്ടു.

ഇതിനിടെ, പ്രതി രക്ഷപ്പെട്ടതറിഞ്ഞ പൊലീസ് സംഘം സ്റ്റേഷനിലിറങ്ങി റെയിൽവേ പൊലീസിന്റെയും ആർ.പി.എഫിന്റെയും സഹായത്തോടെ അന്വേഷണം തുടങ്ങി. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയതറിഞ്ഞ് പൊലീസ് അവിടെയെത്തി. പ്രതി പോയ ഓട്ടോയുടെ ഡ്രൈവറെ കണ്ടെത്തിയപ്പോഴാണ് ആശുപത്രി തിരിച്ചറിഞ്ഞതും അവിടെയെത്തി കസ്റ്റഡിയിലെടുത്തതതും. രണ്ട് ആശുപത്രികളിലും വലതു കൈ പരിശോധിക്കാൻ ഇയാൾ ഡോക്ടർമാരെ അനുവദിച്ചിരുന്നില്ല. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.