കലൂർ സ്റ്റേഡിയത്തിന് സമീപം യുവാവിനെ ആക്രമിച്ച് കാറും പണവും കവർന്നു

Friday 27 February 2026 2:03 AM IST

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം യുവാവിനെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് കാറും പണവും കവർന്നു. രണ്ട് വാഹനങ്ങളിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. മുഖ്യ ആസൂത്രകനായ ചമ്പക്കര സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യൂബർ ‌ഡ്രൈവറും റെന്റ് എ കാർ ഇടപാടുകാരനുമായ ഏലൂർ മഞ്ഞുമ്മൽ പയ്യപ്പള്ളി വീട്ടിൽ അരുൺ ബാബുവാണ് (32) ആക്രമണത്തിനും കവ‌ർച്ചയ്ക്കും ഇരയായത്.

ഇന്നലെ പുലർച്ചെ 4.30ന് കലൂർ സ്റ്റേഡിയം-ലിങ്ക് റോഡിലെ കാർ വാഷ് കേന്ദ്രത്തിന് സമീപമായിരുന്നു സംഭവം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ കാർ കഴുകിയ ശേഷം തമ്മനം ഭാഗത്തേക്ക് പോകുന്നതിനിടെ ഇന്നോവ, ആൾട്ടോസ് കാറുകളിലെത്തിയ നാലംഗ സംഘം അരുൺ ബാബുവിന്റെ കാർ തടഞ്ഞുനിർത്തി.

തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥൻ എന്നയാൾ അരുൺ ബാബുവിനെ ബലമായി പുറത്തേക്ക് വലിച്ചിറക്കി കാറിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് രണ്ടാം പ്രതിയും ചമ്പക്കര സ്വദേശിയുമായ കിരണിന്റെ നേതൃത്വത്തിലായിരുന്നു മർദ്ദനം. കാറിനോട് ചേർത്തുനിർത്തി ഇടതു കൈ പിടിച്ചു തിരിക്കുകയും സ്പാനർ ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും ചെയ്തു. മറ്റൊരു പ്രതി വാക്കത്തി ചൂണ്ടി 'വെട്ടിക്കളയു"മെന്ന് ഭീഷണിപ്പെടുത്തി. അരുൺ ബാബുവിന്റെ കാറിലുണ്ടായിരുന്ന 75000 രൂപ സഹിതമാണ് കാറുമായി പ്രതികൾ കടന്നത്. പാലാരിവട്ടം പൊലീസ് എത്തിയാണ് അരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സിദ്ധാർത്ഥിനെ ഇടപ്പള്ളിയിലെ ഒരു ചായക്കടയിൽ വച്ചു കണ്ടുപരിചയമുണ്ടെന്ന് അരുൺബാബു മൊഴി നൽകി. ആക്രമണത്തിന് പിന്നിൽ ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ഇടപാടാണെന്നാണ് സൂചന. ചമ്പക്കര മാർക്കറ്റിൽ മത്സ്യ ബിസിനസ് നടത്തുന്ന കിരണും പരാതിക്കാരനും തമ്മിൽ ഇടപാടുകളുള്ളതായി സൂചനയുണ്ട്. മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു. എറണാകുളം എ.സി.പി കെ.ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.